സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷനിൽ പൊട്ടിത്തെറി

Posted on: December 12, 2018

കൊച്ചി : കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണങ്ങളിൽ പങ്ക് കണ്ടെത്തിയതിനെ തുടർന്ന് കേരള സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡോ.ഇന്ദിര രാജനെയും, വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജി. രാജ്‌മോഹനെയും സംസ്ഥാന സമിതി അന്വേഷണ വിധേയമായി പുറത്താക്കി. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ പേരിൽ നടത്തിയ ഈ ക്രമക്കേടിനെതിരെ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ അടിയന്തര അന്വേഷണം വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ സെൻട്രൽ സ്‌കൂളുകൾക്കായി സംഘടിപ്പിക്കുന്ന കായിക മേളയ്‌ക്കെതിരെ ഗുരുതര അഴിമതിയാരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനെതിരെ അന്വേഷണമാവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് ഈ വർഷവും സമാനമായ രീതിയിൽ സ്‌പോർട്‌സ് കൗൺസിൽ, കായികമേള സംഘടിപ്പിക്കാനൊരുങ്ങിയത്. എന്നാൽ സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അഴിമതി തടയപ്പെടുകയും സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റ് നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവിടുകയും ചെയ്തു.

കായികമേള സംഘടിപ്പിക്കുതുമായി ബന്ധപ്പെട്ട് പ്രവേശന ഫീസായി 5000 രൂപയും, ഗെയിംസ് വിഭാഗത്തിനായി 3000 രൂപയും, പങ്കെടുക്കുന്ന വിദ്യാർത്ഥിക്ക് 150 രൂപയും നൽകണമെന്ന് പറയുന്നു. അതായത് കേരളത്തിലുളള 1600 സിബിഎസ്ഇ സ്‌കൂളുകളിൽ നിന്നായി സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റിന്റെ പേരിൽ പിരിച്ചെടുത്തത് കോടികളാണെന്ന് സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷൻ ആരോപിച്ചു. ഈ സാഹചര്യത്തിൽ 2017 ൽ നടത്തിയ സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റിന്റെ 2018 ൽ വിദ്യാർത്ഥികളിൽ നിന്നും പിരിച്ചതിനെപ്പറ്റിയും അന്വേഷണം നടത്തണമൊവശ്യപ്പെട്ട് സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന കായിക മന്ത്രിക്ക് നിവേദനം നൽകി.

പത്രസമ്മേളനത്തിൽ കേരള സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.പി.എം ഇബ്രാഹിം ഖാൻ, വൈസ് പ്രസിഡന്റ് ജോർജ് കുളങ്ങര, കോർ കമ്മിറ്റി സെക്രട്ടറി കെ.എം ഹാരിസ് എന്നിവർ പങ്കെടുത്തു.