ഫെറ്റോലൈഫ് 2018 രാജ്യാന്തര സെമിനാര്‍ സമാപിച്ചു

Posted on: November 20, 2018

കൊച്ചി : ജനിതക ശാസ്ത്രം, ഗര്‍ഭിണികള്‍ക്കാവശ്യമായ ഔഷധങ്ങള്‍, വന്ധ്യത എന്നിവ സംബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനം ഫെറ്റോലൈഫ് 2018 ഹോട്ടല്‍ ഗ്രാന്റ് ഹയത്തില്‍ നടന്നു. കേരള ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ ഉദ്ഘാടനം ചെയ്തു.

അടൂര്‍ ലൈഫ്‌ലൈന്‍ ആശുപത്രി, കൊച്ചി ഒബിജി സൊസൈറ്റി എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച സമ്മേളനത്തില്‍ വച്ച് ജനിതക തകരാറുകളും അര്‍ബുദ സാധ്യതകളും മുന്‍കൂട്ടി കണ്ടെത്തുന്നതിനായി അടൂര്‍ ലൈഫ്‌ലൈന്‍ ഹോസ്പിറ്റലിന്റെ സഹോദര സ്ഥാപനമായ റീപ്രൊഡക്റ്റീവ് ജെനറ്റിക്‌സ് ആന്റ് ക്യാന്‍സര്‍ സൊല്യൂഷന്‍സില്‍ ആരംഭിച്ച നൂതന പരിശോധനാ സംവിധാനത്തിന്റെ അനാവരണവും നടന്നു.

ഡോ. മമതാ ദീന്‍ദയാല്‍, ഡോ. ജൂലിയോ വോഗെറ്റ്, ഡോ. ഫെസ്സി ലൂയീസ്, ഡോ. ഇന്ദ്രാണി സുരേഷ്, ഡോ. മുഹമ്മദ് സലിം, ഡോ. എസ്. സുരേഷ്, ഡോ. ഡോണ്‍ ലീ, ഡോ. ഡേവിഡ് ക്രാം, ഡോ. ബാലു വൈദ്യനാഥന്‍, ഡോ. വി.എച്ച്. ശങ്കര്‍, പ്രൊഫ. ബി. പ്രസന്നകുമാരി, പ്രൊഫ. പി. ശോഭന എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി.

നേരത്തെ വിദേശത്ത് മാത്രം ലഭ്യമായിരുന്ന ജനിതക പരിശോധന രാജ്യത്താദ്യമായി അടൂര്‍ ലൈഫ്‌ലൈന്‍ ഹോസ്പിറ്റലിലാണ് ലഭ്യമായിട്ടുള്ളതെന്ന് ഡോ. മാത്യു കുഞ്ഞുമ്മന്‍, ഡോ. ഡേവിഡ് ക്രാം ആസ്‌ട്രേലിയ, ഡോ. ഡോണ്‍ ലീ ചൈന ഡോ. മുഹമ്മദ് സലിം, ഡോ. അനുസ്മിത ആന്‍ഡ്രൂസ്, ഡോ. ശ്രീലത നായര്‍, ഡോ. കൃപ റെയ്ച്ചല്‍ ഫിലിപ്പ് എന്നിവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഗര്‍ഭം ധരിക്കുമ്പോള്‍ തന്നെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഡിഎന്‍എ അമ്മയുടെ രക്തത്തിലുണ്ടായിരിക്കും. അതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ജനിതക വൈകല്യങ്ങള്‍ ഗര്‍ഭം ധരിച്ച് രണ്ടര മാസമെത്തുമ്പോള്‍ തന്നെ രക്ത പരിശോധനയിലൂടെ കണ്ടുപിടിക്കാനുള്ള സംവിധാനമാണ് അടൂര്‍ ലൈഫ്‌ലൈന്‍ ആശുപത്രിയില്‍ ലഭ്യമായിട്ടുള്ളത്. മനുഷ്യ സമൂഹം ഇന്ന് ഭീതിയോടെ കാണുന്ന അര്‍ബുദത്തിന്റെ രോഗലക്ഷണം കണ്ടു തുടങ്ങുന്നതിനു മുന്‍പ് തന്നെ കണ്ടുപിടിക്കാന്‍ ഇത് സഹായകമാണ്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും ഇതിലൂടെ സാദ്ധ്യമാകുന്നു.