മൊബൈല്‍ കോണ്‍ഗ്രസില്‍ 5 ജിയുടെ ഭാവിയെ കുറിച്ച് സാംസംഗ് ഇന്ത്യ അവതരണം നടത്തും

Posted on: October 29, 2018

ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാന സ്‌പോസര്‍മാരായ സാംസംഗ് ഇലക്‌ട്രോണിക്‌സ് ഇന്ത്യയിലെ 5 ജിയുടെ ഭാവിയെക്കുറിച്ച് അവതരണം നടത്തും. രാജ്യത്തുടനീളമുള്ള ജനങ്ങളെ 5 ജി ഏതൊക്കെ വിധത്തിലായിരിക്കും ബാധിക്കുക എന്ന് കമ്പനി വിശദമാക്കും. സാംസംഗ് 5ജിയിലൂടെ വീടുകള്‍, സ്റ്റേഡിയങ്ങള്‍, പാതകള്‍, ഫാമുകള്‍ തുടങ്ങി വിവിധ ഇടങ്ങളെ എങ്ങനെയൊക്കെ മാറ്റും എന്നായിരിക്കും അവതരിപ്പിക്കുക.

രാജ്യത്തെ വലിയ തോതിലുള്ള പ്രഥമ 5 ജി പരീക്ഷണം 2019 ആദ്യ ക്വാര്‍ട്ടറോടെ ആരംഭിക്കുമെന്നും സാംസംഗ് പ്രഖ്യാപിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റുമായി സഹകരിച്ചായിരിക്കും ഇത് സാധ്യമാക്കുക.

വ്യവസായ നേതാക്കളോടൊപ്പം ഇന്ത്യയുടെ മുഴുവന്‍ കഴിവും ഉപയോഗിക്കാനാവും വിധമായിരിക്കും സാംസംഗ് 5 ജിക്ക് പാതയൊരുക്കുകയെന്നും ഡിജിറ്റല്‍ ഇന്ത്യയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് പുതിയ സാങ്കേതിക വിദ്യകളുടെ വരവിന് സാക്ഷികളാകുകയാണ് നമ്മളെന്നും സാംസംഗ് ഇലക്‌ട്രോണിക്‌സ് നെറ്റ്‌വര്‍ക്ക് ബിസിനസ് മേധാവിയും പ്രസിഡന്റുമായ യങ്കി കിം പറഞ്ഞു.

ജിയോയുമായുള്ള സഹകരണം ലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുതിന് സഹായിച്ചെന്നും 5 ജിയിലേക്കുള്ള തങ്ങളുടെ റോഡ്മാപ്പ് ഇന്ത്യയോടുള്ള പ്രതിജ്ഞാബദ്ധതയാണ് തെളിയിക്കുതെന്നും സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയ്ക്കു തുടര്‍ന്നും പിന്തുണ നല്‍കുമെന്നും സാംസംഗ് ഇലക്‌ട്രോണിക്‌സ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സി ഇ ഒയുമായ എച്ച് സി ഹോംഗ് പറഞ്ഞു.

TAGS: Samsung |