ഡൽഹിയിൽ ലാലിഗാ സ്‌കൂൾ തുറന്നു

Posted on: October 5, 2018

കൊച്ചി : ഇന്ത്യയിലെ പ്രഥമ ലാലിഗാ ഫുട്‌ബോൾ സ്‌കൂൾ ന്യൂഡൽഹിയിൽ ഇതിഹാസ ഫുട്‌ബോളറും ലാലിഗയുടെ അംബാസഡറുമായ റോബർട് പെരസ് ഉദ്ഘാടനം ചെയ്തു. ലോക ഫുട്‌ബോളിൽ എണ്ണപ്പെടുന്ന ശക്തിയായി ഇന്ത്യയെ വളർത്തിയെടുക്കുക എന്നതാണ് ലാലിഗ സ്‌കൂൾ ലക്ഷ്യമിടുന്നതെന്ന് റോബർട് പെരസ് വ്യക്തമാക്കി.

കൊച്ചി, മുംബൈ, പൂനെ, ബംഗലുരു, കോൽക്കത്ത എന്നിവിടങ്ങളിലും ലാലിഗ സ്‌കൂൾ തുറക്കുമെന്ന് ലാലിഗ ഇന്ത്യ തലവൻ ജോസ് കച്ചാസ പറഞ്ഞു. ഈ വർഷാവസാനത്തോടെ 30 ലേറെ സ്‌കൂളുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതോടെ പരിശീലനം സിദ്ധിച്ചവരുടെ എണ്ണം മൂവായിരം കവിയും. ഇന്ത്യ ഓ ട്രാക്കിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സ്‌കൂളുകളിൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത് യുവേഫ പ്രോ ലൈസൻസുള്ള കോച്ച് ജാവിയർ കബ്രേറയാണ്.

ഇന്ത്യയിലെ ഫുട്‌ബോൾ അന്തരീക്ഷം ഒരു പരിവർത്തന ദിശയിലാണെന്ന് ഇന്ത്യ ഓ ട്രാക്ക് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിവേക് സേഥിയ പറഞ്ഞു. ഫുട്‌ബോൾ മത്സരങ്ങൾ വീക്ഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. എല്ലാ ലാലിഗ മത്സരങ്ങളും ഫേസ്ബുക്ക് വഴി ഇപ്പോൾ തൽസമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.