റെക്കോഡ് സമയത്തിൽ മൊബൈൽ വിനിമയം പുനഃസ്ഥാപിച്ച് ഇൻഡസ് ടവേഴ്‌സ്

Posted on: September 7, 2018

കൊച്ചി : പ്രളയവേളയില്‍ മൊബൈല്‍ വിനിമയം വളരെ വേഗത്തില്‍ പുനഃസ്ഥാപിച്ചുകൊണ്ട് ഇന്‍ഡസ് ടവേഴ്‌സ് ദുരിതബാധിതരെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇത്തരം വേളകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ കണക്ഷനുകളാണ്. നിര്‍ണായക വേളയില്‍ വിവരങ്ങള്‍ കൈമാറുന്നതില്‍ മൊബൈല്‍ കണക്ഷനുകള്‍ മുഖ്യ പങ്കുവഹിക്കുന്നു.

അപ്രതീക്ഷിതമായ മഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിന്റെ പല ഭാഗങ്ങളിലും ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. പലര്‍ക്കും ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടു. ഈ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്തുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ ടെലികോം ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സിന്റെ ഫീല്‍ഡ് എന്‍ഞ്ചിനീയര്‍മാര്‍ പ്രളയ ബാധിത മേഖലകളില്‍ ജനങ്ങള്‍ക്കും അധികൃതര്‍ക്കും വേണ്ട പിന്തുണ നല്‍കാന്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചത്.

ഇന്‍ഡസിന്റെ കേരള സംഘം മുഴുവന്‍ സമയവും ഒരുമിച്ച് നിന്നുകൊണ്ടാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന മൊബൈല്‍ ടവറുകളും മറ്റും പുനഃസ്ഥാപിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനത്തിനും നെറ്റ്‌വര്‍ക്ക് ലഭ്യമായത് ഏറെ സഹായകമായി. എല്ലാ ഓപറേറ്റര്‍മാരുടെയും സഹകരണത്തോടെ കൊച്ചിയില്‍ യുദ്ധസമാന മുറിയില്‍ പൂര്‍ണമായ സൗകര്യങ്ങള്‍ സജ്ജമാക്കുകയായിരുന്നു. ഈ മുറിയിലിരുന്നുകൊണ്ടാണ് സ്ഥതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചതും വേണ്ട സഹായങ്ങള്‍ നല്‍കിയിരുന്നതും.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എന്‍ഡിആര്‍എഫ് എന്നിവരുമായി ചേര്‍ന്ന് കമ്പനി ഡീസലിന്റെ സുഗമമായ നീക്കത്തിനും സഹായിച്ചു. പ്രളയത്തില്‍ തകര്‍ന്ന ടെലികോം ടവറുകള്‍ പുനഃസ്ഥാപിക്കല്‍ ഇന്‍ഡസ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചാനല്‍ പാര്‍ട്‌നര്‍മാരും സഹകാരികളും ഈ ശ്രമത്തില്‍ സഹായത്തിനുണ്ട്.

ടെലികോം സേവന ദാതാക്കളും സര്‍ക്കാര്‍ പ്രസ്ഥാനങ്ങളും ഈ പ്രത്യേക സാഹചര്യത്തില്‍ വേണ്ട പിന്തുണയെല്ലാം നല്‍കിയിരുന്നു. കാണാതായവരെ കണ്ടെത്താനും ഐവിആര്‍എസ് അടിസ്ഥാനമാക്കിയുള്ള റിപോര്‍ട്ടിംഗിനും മറ്റും എല്ലാ ഓപറേറ്റര്‍മാരും സഹായിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിരവധി ബിടിഎസ് യൂണിറ്റുകള്‍ ആരംഭിച്ച് കണക്റ്റീവിറ്റി തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തി. സിം റീപ്ലേസ്‌മെന്റ് നടപടികള്‍ ലഘൂകരിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് അനുമതിയും നല്‍കിയിരുന്നു.

TAGS: Indus Tower |