എംപിഇഡിഎ അക്വാട്ടിക് ക്വാറന്റൈൻ : നാലാം ഘട്ടം ചെന്നൈയിൽ

Posted on: June 14, 2018

കൊച്ചി : വനാമി ചെമ്മീൻ കൃഷി വ്യാപിപ്പിക്കുന്നതിനായി സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിട്ടി ആവിഷ്‌കരിച്ച അക്വാട്ടിക് ക്വാറന്റൈൻ ഫെസിലിറ്റി നാലാം ഘട്ടത്തിന് ചെന്നൈയിൽ തുടക്കം കുറിച്ചു. കേന്ദ്ര മൃഗസംരക്ഷണ-ഡയറി-ഫിഷറീസ് വകുപ്പ് സെക്രട്ടറി തരുൺ ശ്രീധറാണ് ചെന്നൈയിലെ നീലാങ്കരൈയിൽ നാലാം ഘട്ടത്തിന് തറക്കല്ലിട്ടത്

വനാമി ചെമ്മീൻ ഉത്പാദനം ഇപ്പോഴത്തെ നിലയിൽ നിന്ന് മൂന്നര ലക്ഷം ടൺ വർധിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഈ പദ്ധതിയുടെ നാലാം ഘട്ടം നടപ്പാക്കുന്നത്. എംപിഇഡിഎയുടെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറാണ് എക്യുഎഫ് ഒരുക്കിയിരിക്കുന്നത്. ആറ് ക്യുബിക്കിളുകൾ, മൂന്ന് റിസീവിംഗ് വിഭാഗം, അണുനശീകരണ സംവിധാനത്തോടു കൂടെയുള്ള പാക്കിംഗ്‌വിഭാഗം, എന്നിവയാണ് ഇതിലുണ്ടാകുന്നത്. ഇതു വഴി പ്രതിവർഷം ഏകദേശം 1,23,750 പ്രജനന യോഗ്യമായ വനാമി ചെമ്മീനുകളെ ക്വാറന്റൈൻ ചെയ്ത് ചെമ്മീൻ ഹാച്ചറികൾക്ക് നൽകാൻ സാധിക്കും.

അമേരിക്ക, യൂറോപ്പ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ ഏറെ ആവശ്യക്കാരുള്ള ഇനമാണ് വനാമി ചെമ്മീൻ. സ്വദേശി ഇനം അല്ലാത്തതിനാൽ ആൺ-പെൺ ചെമ്മീനുകളെ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുമ്പോൾ പാലിക്കേണ്ട ജൈവസംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് 2009 ൽ ആദ്യമായി എക്യുഎഫ് നിലാങ്കരൈയിൽ തുടങ്ങിയത്.

നീല വിപ്ലവത്തിന്റെ ഭാഗമായി മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എക്യുഎഫിന് കൂടുതൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് തരുൺ ശ്രീധർ പറഞ്ഞു. ഗുജറാത്ത്, ഒഡിഷ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് വനാമി ചെമ്മീൻ കൃഷിയ്ക്കായി സഹായം നൽകുമെന്നും അദേഹം പറഞ്ഞു. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വിഹിതം വർധിപ്പിക്കാൻ എംപിഇഡിഎ, ആർജിസിഎ എന്നിവയ്ക്ക് ആവശ്യമായ എല്ലാ സഹായവും അദേഹം വാഗ്ദാനം ചെയ്തു.

ഇതുവരെ 11 ലക്ഷം വനാമി കുഞ്ഞുങ്ങളെ എക്യുഎഫ് വഴി സംരക്ഷിത പ്രജനനം നടത്തിയിട്ടുണ്ടെന്ന് എംപിഇഡിഎ ചെയർമാനും ആർജിസിഎ പ്രസിഡന്റുമായ ഡോ. എ ജയതിലക് ഐഎഎസ് പറഞ്ഞു. സമുദ്രോത്പന്ന വ്യവസായത്തിനും കയറ്റുമതിയ്ക്കും എക്യുഎഫിന്റെ നാലാം ഘട്ടത്തിന്റെ വികസനം കൂടുതൽ കരുത്തുപകരുമെന്നും അദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി 6 ബില്യൺ ഡോളറെന്ന സർവകാല റെക്കോർഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദേഹം പറഞ്ഞു. കയറ്റുമതി അളവ് 1.27 ദശലക്ഷം ടണ്ണാണ് പ്രതീക്ഷിക്കുന്നത്. എക്യുഎഫ് വികസനത്തോടെ 2022 ആകുമ്പോഴേക്കും 10 ബില്യൺ ഡോളർ മൂല്യത്തിലേക്ക് കയറ്റുമതി എത്തുമെന്ന് അദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ എല്ലാ പിന്തുണയും എക്യുഎഫിന് ഉണ്ടാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത തമിഴ്‌നാട് മൃഗസംരക്ഷണ-ഡയറി-ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഗോപാൽ ഐഎഎസ് ഉറപ്പു നൽകി.

TAGS: MPEDA |