കഴുത്തിലെയും തലയിലെയും കാൻസറിന് പ്രതിവിധിയുമായി ബയോകോൺ

Posted on: June 8, 2018

മുംബൈ : കഴുത്തിലേയും തലയിലേയും കാൻസർ ചികിത്സയ്ക്ക് ഫലപ്രദമായ പ്രതിവിധി ബയോകോൺ വികസിപ്പിച്ചെടുത്തു. മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ഗവേഷണ പഠനങ്ങൾ. തെറാപ്യൂട്ടിക് മോണോക്ലോണൽ ആന്റി ബോഡിയാണ് നിമോറ്റ്‌സുമാബ്. ചിക്കാഗോയിൽ കഴിഞ്ഞ ആഴ്ച നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി വാർഷിക സമ്മേളനത്തിൽ, ബയോകോണിന്റെ ബയോളജിക് മോളിക്യൂൾ നിമോറ്റ്‌സുമാബിന്റെ ഫലത്തെപ്പറ്റി സമഗ്രമായ ചർച്ച നടക്കുകയുണ്ടായി.

ഏഷ്യയിലെ പ്രഥമ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിന്റെ മെഡിക്കൽ ഓങ്കോളജി തലവൻ ഡോ.കുമാർ പ്രഭാഷിന്റെ നേതൃത്വത്തിൽ മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ നിന്നുള്ള ഒരു സംഘം ഡോക്ടർമാരാണ് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി സമ്മേളനത്തിൽ ബയോളജിക് മോളിക്യൂൾ നിമോറ്റ് സുമാബിന്റെ ഗവേഷണ ഫലം അവതരിപ്പിച്ചത്.

ഡോ.വനിത നോറോൻഹ, ഡോ.അമിത് ജോഷി, ഡോ.വിജയ് പാട്ടീൽ, ഡോ.എ.കെ.ഡിക്രൂസ്, ഡോ.സർബാനി, ലാസ്‌കർ, ഡോ.ജെ.പി.അഗർവാൾ, ഡോ.കുമാർ പ്രഭാഷ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറുവർഷമായി നടന്നുവന്ന പഠനമാണ് വിജയകരമായ പരിസമാപ്തിയിലെത്തിയത്. തലയിലും കഴുത്തിലും ഉണ്ടാകുന്ന കാൻസർ ചികിത്സയ്ക്കായി 2006 ൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബയോളജിക്കാണ് നിമോറ്റ്‌സുമാബ്. ബയോമാബ് എഗ്ഫർ എന്നായിരുന്നു അന്നത്തെ നാമം.

തലയിലും കഴുത്തിലും കാൻസർ ഏറ്റവും കൂടുതലായി ഇന്ത്യയിലാണ് കാണപ്പെടുന്നത്. ഇന്ത്യയിൽ ഓരോ മണിക്കൂറിലും 16 പേർക്ക് ഈ രോഗം ബാധിക്കുന്നുണ്ട്. ഓരോ മണിക്കൂറിലും 12 പേരാണ് ഈ രോഗം മൂലം മരണമടയുന്നത്. ബയോളജിക് നിമോറ്റ്‌സുമാബ് കീമോ – റേഡിയേഷൻ തെറാപ്പിക്കൊപ്പം ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന്, തലയിലും കഴുത്തിലും അർബുദ ബാധയുള്ളവരിൽ നടത്തിയ പഠനം തെളിയിക്കുന്നതായി ഡോ.കുമാർ പ്രഭാഷ് പറഞ്ഞു. കാൻസറിനെ പൂർണമായി അതിജീവിക്കാൻ ഇത് ഫലപ്രദമാണെന്ന് അദേഹം പറഞ്ഞു. തലയിലേയും കഴുത്തിലേയും കാൻസറിന് കീമോ-റേഡിയോ തെറാപ്പിക്കൊപ്പം ഒരു സമാന്തര ചികിത്സാ സംവിധാനം കൂടിയാണിത്.