ഉജ്ജ്വല വായ്പ തിരിച്ചടവ് : എണ്ണകമ്പനികൾ ഇളവ് പ്രഖ്യാപിച്ചു

Posted on: March 26, 2018

കൊച്ചി : പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം പാചക വാതക കണക്ഷനെടുത്തവരുടെ വായ്പാ തിരിച്ചടവിൽ എണ്ണ കമ്പനികൾ ഇളവ് പ്രഖ്യാപിച്ചു. പദ്ധതി ഗുണഭോക്താക്കൾ വായ്പാ തിരിച്ചടവ്് ആറ് റീഫില്ലുകൾക്ക് ശേഷം നടത്തിയാൽ മതിയെന്നാണ് തീരുമാനം. വായ്പാ കുടിശികയുള്ളവർക്ക് ഏപ്രിൽ ഒന്നു മുതൽ ആറ് തവണത്തേക്ക് തിരിച്ചടവ് ഒഴിവാക്കി.

പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം പാചക വാതക കണക്ഷനെടുക്കുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽ പി ജി സ്റ്റൗവിനും ആദ്യ സിലിണ്ടറിനുമുള്ള തുക എണ്ണകമ്പനികൾ പലിശ രഹിത വായ്പയായി നൽകുകയാണ് ചെയ്യുന്നത്. 70 ശതമാനം ഉജ്വല ഗുണഭോക്താക്കൾ വായ്പാ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

തുടർന്ന് ഓരോ റീഫില്ലിനുമുള്ള തുകയ്‌ക്കൊപ്പം സബ്‌സിഡി തുക ഗഡുക്കളായി ഈടാക്കുകയാണ് ചെയ്യുന്നത്. ഇതു മൂലമുള്ള ചെലവ് താങ്ങാൻ കഴിയാതെ ഉജ്വല ഉപഭോക്താക്കളിൽ ചിലർ ബദൽ ഇന്ധനങ്ങളിലേക്ക് മാറുകയുണ്ടായി. ഈ സാഹചര്യത്തിലാണ് വായ്പാ തിരിച്ചടവ് നീട്ടിവെക്കാൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ വ്യക്തമാക്കി.

ഉജ്വല പദ്ധതി പ്രകാരം പാചകവാതക കണക്ഷനെടുത്ത മുഴുവൻ ഉപഭോക്താക്കൾക്കും ഇത് ബാധകമായിരിക്കും. വായ്പാ തുക കുടിശികയായ ഉപഭോക്താക്കളിൽ നിന്ന് ആറ് റീഫിൽ വരെ പണം തിരിച്ചുപിടിക്കില്ല. ഏപ്രിൽ ഒന്നിന് ശേഷം കണക്ഷനെടുക്കുന്ന പുതിയ ഉപഭോക്താക്കളും ആറ് റീഫിൽ വരെ വായ്പാ തുക തിരിച്ചടക്കേണ്ടതില്ല.

ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് പുകയില്ലാത്ത അടുക്കളയും രാജ്യത്തെ എൽ പി ജി ഉപഭോഗത്തിൽ 2022 ടെ 90 ശതമാനം വളർച്ചയും ലക്ഷ്യമിട്ട് ആരംഭിച്ച ഉജ്വല പദ്ധതിയുടെ ഉത്തമ താത്പര്യം മുൻനിർത്തി കൈക്കൊണ്ടിരിക്കുന്ന ഈ തീരുമാനം രാജ്യത്തെ എൽ പി ജി ഉപഭോഗത്തിന് പുതിയ കുതിപ്പു നൽകുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേറ്റ് കമ്യൂണിക്കേഷൻ ചീഫ് ജനറൽ മാനേജർ അറിയിച്ചു.