സ്മാർട്ട് സർവ് ആപ്പുമായി ഗ്രന്റ്‌ഫോസ് ഇന്ത്യ

Posted on: January 29, 2018

കൊച്ചി : ഗ്രന്റ്‌ഫോസ് ഇന്ത്യ ഉപയോക്താക്കൾക്ക് വേഗത്തിലും ഫലപ്രദമായും സർവീസ് ലഭ്യമാക്കുന്നതിനായി സ്മാർട്ട് സർവ് മൊബൈൽ ആപ്പിന് രൂപം നൽകി. ഈ മൊബെൽ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് തൊട്ടടുത്ത സർവീസ് സെന്റർ കണ്ടെത്തി ഏത് തരത്തിലുള്ള അറ്റകുറ്റപ്പണിയാണ് ആവശ്യമെന്ന് അറിയിക്കാനാവും.

പമ്പിന്റെ പടം കൂടി ഇതോടൊപ്പം അറ്റാച്ച് ചെയ്യാൻ സാധിക്കും. അപേക്ഷ ലഭിച്ചതായുള്ള അറിയിപ്പ് നാല് മണിക്കൂറിനകം കമ്പനിയിൽ നിന്ന് ഉപയോക്താവിന് ലഭ്യമാകും. ഡിജിറ്റൽ പമ്പുകളുടെ കാര്യത്തിൽ ഓൺലൈനിൽ തന്നെ തകരാറുകൾ പരിഹരിക്കപ്പെടും. അല്ലാത്തപക്ഷം സർവീസ് സെന്ററിൽ നിന്ന് മൂന്ന് ദിവസത്തിനകം എൻജിനീയർ എത്തും.

താൻ അയച്ച പരാതിയുടെ സ്ഥിതിയെന്തെന്ന് സ്മാർട്ട് സർവ് ആപ്പിലൂടെ ഉപയോക്താക്കൾക്ക് അപ്പപ്പോൾ അറിയാൻ സാധിക്കും. സ്‌പെയർ പാർട്ടുകൾ ആവശ്യമെങ്കിൽ ആപ്പ് വഴി ഓർഡർ നൽകാൻ സൗകര്യമുണ്ട്. ഐഒഎസ്, ആൻഡ്രോയ്ഡ്, വിൻഡോസ് എന്നിവയിലെല്ലാം സ്മാർട്ട് സർവ് ആപ്പ് ലഭ്യമാണ്. ഡെസ്‌ക്‌ടോപ് കംപ്യൂട്ടറിലും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുമെന്ന് ചീഫ് സെയിൽസ് ഓഫീസർ എസ്. പന്നീർ ശെൽവം പറഞ്ഞു.