കെഎംഎ സ്‌ക്രിപ്റ്റിംഗ് സ്റ്റോറി സെമിനാറിൽ പമേല അന്ന മാത്യു

Posted on: January 12, 2018

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച സ്‌ക്രിപ്റ്റിംഗ് സ്റ്റോറി സെമിനാറിൽ സംസ്ഥാനത്തെ പ്രമുഖ വ്യവസായ സംരംഭക പമേല അന്ന മാത്യു മുഖ്യാതിഥിയായി. തന്റെ സംരംഭത്തെ രാജ്യവ്യാപകമായി വളർത്തിയെടുക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളും അതിനിടെ നേരിട്ട വെല്ലുവിളികളും അവർ വിശദീകരിച്ചു.

റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് എന്ന മേഖല രാജ്യത്തു കാൽകുത്തുന്നതിനു മുൻപുള്ള കാലത്ത് തൻറെ സംരഭത്തിനായി അത്തരമൊന്നു സ്വയം വികസിപ്പിച്ചെടുത്തു വിജയകരമായി നടപ്പാക്കിയതിന്റെ പശ്ചാത്തലം പമേല ചൂണ്ടിക്കാട്ടി. ഒരു ഉത്പന്നം നിലനിൽക്കുന്നതാകണമെങ്കിൽ അതിനായി തെരഞ്ഞെടുക്കുന്ന പ്രക്രിയയും നിലനിൽക്കുന്നതാവണം. അതിനാവശ്യമായ സാങ്കേതികവിദ്യയുടെ പിൻബലവും വേണം- അവർ പറഞ്ഞു.

കെഎംഎയുടെ മാനേജ്‌മെന്റ് ലീഡർഷിപ്പ് പുരസ്‌കാരം നേടിയ ഏക വനിതാ സംരംഭകയാണു പമേല അന്ന മാത്യു. സെമിനാറിൽ കെഎംഎ മുൻ പ്രസിഡന്റ് കെ. സഖറിയ മോഡറേറ്ററായി. കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ചെറിയാൻ പീറ്റർ നന്ദി പറഞ്ഞു.