മൊബൈൽ ടവർ സ്ഥാപിക്കാനുള്ള മനുഷ്യാവകാശ കമ്മീഷൻ അനുമതിയെ ടെലികോം വ്യവസായം സ്വാഗതം ചെയ്തു

Posted on: December 27, 2017

കൊച്ചി : തൃപ്പൂണിത്തുറ സേക്രഡ് ഹാർട്ട് യുപി സ്‌കൂളിന് സമീപം മൊബൈൽ ടവർ പുനഃസ്ഥാപിക്കാൻ അനുമതി നൽകിയ മനുഷ്യാവകാശ കമ്മീഷൻ തീരുമാനത്തെ ടെലികോം വ്യവസായം സ്വാഗതം ചെയ്തു. ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും അനുസരിച്ചുകൊണ്ടായിരിക്കും സ്ഥാപിക്കൽ എന്ന് ഉറപ്പും നൽകി.

സ്‌കൂളിന്റെ എതിർപ്പ് തള്ളികൊണ്ട് പരിസരത്തു തന്നെ ടെലികോം ടവർ സ്ഥാപിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അനുമതി നൽകിയത് ഈയിടെയാണ്. സംസ്ഥാന സർക്കാരിന്റെ 2015 ജനുവരിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ടവർ നീക്കാൻ ശ്രമം നടന്നത്. സ്‌കൂൾ, കോളജ്, ആശുപത്രി, പോലീസ് സ്റ്റേഷൻ, അങ്കണവാടി തുടങ്ങിയവയ്ക്കു സമീപം മൊബൈൽ ടവർ സ്ഥാപിക്കുന്നതു സംബന്ധിച്ച് 2016 ജൂലൈ 16 ന് ഇറക്കിയ സർക്കാർ ഉത്തരവ് പരിഗണിക്കാതെയായിരുന്നു ഈ നടപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ മുൻ തീരുമാനം പുനഃപരിശോധിച്ച് അനുമതി നൽകിയത്.

ഡിജിറ്റൽ ഇന്ത്യയ്ക്കായി രാജ്യത്തെ മുക്കിലും മൂലയിലും മൊബൈൽ കണക്റ്റീവിറ്റി നേട്ടങ്ങൾ ലഭ്യമാക്കുന്നതിൽ വ്യവസായം പ്രതിജ്ഞാബദ്ധമാണെന്നും സെല്ലുലാർ ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (കോയ്) ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യ ദൗത്യം സഫലമാകാൻ ടെലികോം അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇഎംഎഫ് റേഡിയേഷൻ നിയന്ത്രിക്കുന്നതിന് സർക്കാർ കർശനമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കൂടാതെ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുന്നതിനും തെറ്റിദ്ധാരണകൾ മാറ്റുന്നതിനും വേണ്ട വിജ്ഞാനപ്രദമായ പരസ്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും റേഡിയേഷൻ മനുഷ്യന് ദോഷമല്ലെന്ന് വ്യക്തമാക്കുന്ന 25,000 ഗവേഷണങ്ങൾ ലോകാരോഗ്യ സംഘടന നടത്തിയിട്ടുണ്ടെന്നും ടവർ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ പ്രൊവൈഡേഴ്‌സ് അസോസിയേഷൻ ഡയറക്ടർ ജനറൽ തിലക് രാജ് ദുവ പറഞ്ഞു.