ഡിഎച്ച്എൽ-ഐഎസ്എൽ പങ്കാളിത്തം ഈ സീസണിലും

Posted on: November 13, 2017

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗുമായി അസോസിയേറ്റ് സ്‌പോൺസർ എന്ന നിലയ്ക്കുള്ള പങ്കാളിത്തം ഡിഎച്ച്എൽ ഈ സീസണിലും തുടരും. ഇത് തുടർച്ചയായി മൂന്നാം വർഷമാണ് ഡിഎച്ച്എൽ-ഐഎസ്എൽ സ്‌പോൺസറാകുന്നത്.

കഴിഞ്ഞ വർഷം 65 മത്സരങ്ങളാണ് ഐഎസ്എല്ലിലുണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 95 ആയി വർധിച്ചു. ഡിഎച്ച്എല്ലാണ് മത്സരങ്ങൾക്കുള്ള പന്ത് സ്‌പോൺസർ ചെയ്യുന്നത്. ഓരോ മത്സരത്തിലും വിജയത്തിനാധാരമായ പാസ് നൽകുന്ന കളിക്കാരന് ഡിഎച്ച്എൽ അവാർഡ് നൽകുന്നതാണ്. അതുപോലെ തന്നെ ടൂർണമെന്റിലുടനീളം ഏറ്റവുമധികം നിർണായക പാസുകൾ നൽകുന്ന കളിക്കാരനും ഡിഎച്ച്എല്ലിന്റെ പാരിതോഷികം ലഭിക്കും. ഇതോടനുബന്ധിച്ച് തുടർച്ചയായ പരസ്യപ്രചാരണവും ഡിഎച്ച്എൽ സംഘടിപ്പിക്കുന്നുണ്ട്. ടെലിവിഷനിൽ കളികൾ കാണുന്ന 21.5 കോടി കായിക പ്രേമികളിലും സ്റ്റേഡിയങ്ങളിലെത്തി കളിവീക്ഷിക്കുന്ന 15 ലക്ഷം പേരിലും ഈ പരസ്യം എത്തുന്നതാണ്.

ഐഎസ്എൽ ഇന്ത്യൻ കായിക കലണ്ടറിലെ സുപ്രധാന ഇനമായി മാറിയിട്ടുണ്ടെന്ന് ഡിഎച്ച്എൽ എക്‌സ്പ്രസ് ഇന്ത്യ കൺട്രി മാനേജർ ആർ.എസ്. സുബ്രഹ്മണ്യൻ പറഞ്ഞു. ഫുട്‌ബോളിനോടുള്ള ഡിഎച്ച്എല്ലിന്റെ അഭിനിവേശവും കൂടിയായപ്പോൾ ഐഎസ്എല്ലുമായുള്ള പങ്കാളിത്തത്തിന് പുതിയ മാനം കൈവന്നിട്ടുണ്ട്. ഈ സീസണിൽ മത്സരങ്ങളുടെ എണ്ണം വർധിച്ചത് കമ്പനിയുടെ ബ്രാൻഡ് പ്രചാരണത്തിന് കരുത്ത് പകരുന്നു.

ആഗോളതലത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡ്, ബയേൺ മ്യൂണിച്ച്, കോപ്പാ ലിബർടാഡോഴ്‌സ് തുടങ്ങിയ വൻകിട ക്ലബുകളെ ഡിഎച്ച്എൽ സ്‌പോൺസർ ചെയ്തു വരുന്നു. ചില ടൂർണമെന്റുകളും സ്‌പോൺസർ ചെയ്യുന്നുണ്ട്.

ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി വർധിച്ചിട്ടുണ്ട്. ജംഷഡ്പൂർ എഫ്‌സിയും ബംഗലുരു എഫ്‌സിയുമാണ് പുതുതായി ചേർക്കപ്പെട്ട ടീമുകൾ. ഐഎസ്എൽ മത്സരങ്ങൾ വീക്ഷിക്കുന്നവരുടെ എണ്ണം പെരുകിവരികയും ഫുട്‌ബോൾ താഴെത്തട്ടിൽ നിന്ന് വളർത്തിക്കൊണ്ടുവരുന്നതിൽ ഐഎസ്എൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യം ഒരു ഫുട്‌ബോൾ ഉയിർത്തെഴുന്നേൽപ്പിന്റെ ആവേശത്തിലാണിപ്പോഴെന്ന് ഐഎസ്എൽ വക്താവ് അഭിപ്രായപ്പെട്ടു.

TAGS: DHL | ISL |