കെ പി ഹോർമിസ് വോളിബോൾ ടൂർണമെന്റ് 19 മുതൽ

Posted on: October 17, 2017

കൊച്ചി : ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് മൂക്കന്നൂരിൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മൂന്നു ദിവസമായി നടക്കുന്ന മത്സരം ഒക്ടോബർ 19 ന് തുടങ്ങി 21 ന് നടക്കുന്ന ഫൈനൽ മത്സരത്തോടെ അവസാനിക്കും. എസ്എച്ച്ഒഎച്ച് സ്‌കൂളിലെ ഫ്‌ളഡ്‌ലൈറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള പുരുഷ/വനിതാവിഭാഗം വോളീബോൾ ടീമുകൾ മത്സരിക്കും.

മുൻ അന്താരാഷ്ട്ര വോളീബോൾ താരവും കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായ മൊയ്തീൻ നൈന ഐആർഎസ് സമാപനചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തും. മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും അർജ്ജുന അവാർഡ് ജേതാവുമായ ടോം ജോസഫ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.

ദിവസവും വൈകുന്നേരം 6.30 നാണ് മത്സരം ആരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. മൂക്കന്നൂർ എംഎഎസ് ക്ലബിന്റെ സഹകരണത്തോടെയാണ്  മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.