സ്‌പൈസസ് ബോർഡ് ഗുജറാത്തിൽ ബയർ-സെല്ലർ മീറ്റ് നടത്തി

Posted on: October 15, 2017

കൊച്ചി : സ്‌പൈസസ് ബോർഡ് ഗുജറാത്തിലെ പരമ്പരാഗത സുഗന്ധവ്യഞ്ജന കർഷകരും കയറ്റുമതി വ്യാപാരികളുമായി ബയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന മാർക്കറ്റായ ഗുജറാത്തിലെ ഊഞ്ഛയിൽ സംഘടിപ്പിച്ച മീറ്റിൽ 200 ഓളം പേർ പങ്കെടുത്തു. ജീരകം, പെരുംജീരകം, ഉലുവ, ശതകുപ്പ, കടുക്, വെളുത്തുള്ളി, മല്ലി, എള്ള്, അയമോദകം തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നവരും കയറ്റുമതിക്കാരും സംസ്‌കരണമേഖലയുമായി സ്‌പൈസസ് ബോർഡ് ആശയവിനിമയം നടത്തി.

ഗുജറാത്തിലെ സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൂടുതൽ കരാറുകൾ ഉണ്ടാകാൻ ബയർ-സെല്ലർ മീറ്റ് സഹായകമാകുമെന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഗുജറാത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ അളവിൽ 27 ശതമാനവും മൂല്യത്തിൽ 30 ശതമാനം വളർച്ചയുണ്ടായതായി അദേഹം പറഞ്ഞു.

ഊഞ്ഛയിലെ ഹോട്ടൽ കാരവാനിൽ നടന്ന സമ്മേളനം മെഹ്‌സീന എംപി ജയശ്രീബെൻ കനുഭായി പട്ടേൽ ഉദ്ഘാടനം ചെയ്തു. ഊഞ്ഛ എം എൽ എ നാരായൺഭായ് ലല്ലുദാസ് പട്ടേൽ അധ്യക്ഷതവഹിച്ചു. ഗുജറാത്തിലെ കൃഷി, കർഷക ക്ഷേമ, സഹകരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.