സാംസംഗ് എഡ്ജ് രണ്ടാം പതിപ്പ് അവതരിപ്പിച്ചു

Posted on: September 1, 2017

കൊച്ചി : സാംസംഗ് ഇന്ത്യയുടെ കാമ്പസ് പരിപാടിയായ എഡ്ജിന്റെ (ഇഡിജിഇ) രണ്ടാം സീസൺ അവതരിപ്പിച്ചു. രാജ്യത്തെ ആദ്യത്തെ കോർപറേറ്റ്-അക്കാദമിക് പരിപാടിയിൽ വിജയിക്കുന്ന പ്രതിഭകളായ വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതമാർഗത്തിന് തുടക്കം കുറിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്.

കഴിഞ്ഞ വർഷത്തെ വിജയകരമായ ആദ്യ പതിപ്പിൽ 900 വിദ്യാർത്ഥികൾ പങ്കെടുത്തു. ഈ വർഷം 19 കാമ്പസുകളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ എൻജിനീയറിംഗ്, ബി-സ്‌കൂൾസ്, മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള ബിടെക്ക്, എംബിഎ, മാസ്റ്റർ ഓഫ് ഡിസൈൻ, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുളള വിദ്യാർത്ഥികളെയാണ് പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. വിജയിക്കുന്ന ടീമിന് മൂന്നു ലക്ഷം രൂപ സമ്മാനവും സാംസംഗിൽ ജോലി ചെയ്യാനുളള അവസരവും ലഭിക്കും.

പുതിയ തലമുറ നേതൃനിരയെ വിദ്യാർത്ഥികളിൽ നിന്നും വാർത്തെടുക്കുകയാണ് എഡ്ജ് ലക്ഷ്യമിടുന്നതെന്ന് സാംസംഗ് ഇന്ത്യ ഹ്യൂമൺ റിസോഴ്‌സ് ഡയറക്ടർ ബികെ ലീ പറഞ്ഞു. സാംസംഗ് എഡ്ജ് പരിപാടി മൂന്നു റൗണ്ടുകളായാണ് നടക്കുന്നത്. കാമ്പസ് റൗണ്ടിൽ ടീം അംഗങ്ങൾ ഒത്തു ചേർന്ന് ആശയം അവതരിപ്പിക്കും. ആശയം വിലയിരുത്തിയ ശേഷം ഓരോ കാമ്പസിൽ നിന്നും രണ്ടു ടീമുകളെ വീതം മേഖല റൗണ്ടിലേക്ക് തെരഞ്ഞെടുക്കും. ഈ റൗണ്ടിൽ ഓരോ ടീമുകളും അവരുടെ ആശയം വിശദമായി പഠിച്ച് പരിഹാരം അവതരിപ്പിക്കും. അവസാനം തെരഞ്ഞെടുക്കപ്പെടുന്ന 10 ടീമുകൾ ദേശീയ റൗണ്ടിൽ മാറ്റുരയ്ക്കും.

TAGS: Samsung Edge |