ഡിപി വേൾഡ് ബംഗലുരു -കൊച്ചി കണ്ടെയ്‌നർ ട്രെയിൻ സർവീസ് തുടങ്ങി

Posted on: March 8, 2017

കൊച്ചി : ഡിപി വേൾഡ് ബംഗലുരുവിൽ നിന്ന് കൊച്ചിയിലേക്ക് പ്രതിവാര കണ്ടെയ്‌നർ ട്രെയിൻ സർവീസ് തുടങ്ങി. വൈറ്റ് ഫീൽഡിലെ കണ്ടെയ്‌നർ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഫ്‌ളാഗ്ഓഫ് ചെയ്തു. ശനിയാഴ്ച പുറപ്പെട്ട് ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നു വ്യാഴാഴ്ച യാത്രയാരംഭിച്ച് വെള്ളിയാഴ്ച ബംഗലുരുവിലെത്തും. കൊച്ചിയിൽ ട്രെയിൻ മാർഗമെത്തുന്ന ചരക്കുകൾ 5 മുതൽ 7 ദിവസങ്ങൾ വരെ സമയ ലാഭത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ എത്തിക്കാനാകും.

പുതിയ പ്രതിവാര സർവീസ്, ബിസിനസുകാർക്കും കയറ്റുമതിക്കാർക്കും കുറഞ്ഞ സമയത്തിലും ചെലവിലും കർണാടകയിൽ നിന്നും മിഡിൽ ഈസ്റ്റ്, യൂറോപ്പ്, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കുവാൻ സഹായകമാകുമെന്ന് കോൺകോർ ഇന്ത്യയുടെ ഗ്രൂപ്പ് ജനറൽ മാനേജർ ഡോക്ടർ അനൂപ് ദയാനന്ദ് സാധു പറഞ്ഞു.

തന്ത്രപ്രധാന മേഖലകളായ കോയമ്പത്തൂർ, ബംഗലുരു എന്നിവിടങ്ങളിൽ നിന്ന് റെയിൽ മാർഗം കൂടുതൽ ചരക്കെത്തിക്കുവാൻ വിവിധ നടപടികൾ സ്വീകരിച്ചു വരുന്നതായി കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ എ.വി. രാമണ്ണ അറിയിച്ചു. സുഗമമായ ബിസിനസ് നടത്തിപ്പിന് സഹായകമായ സമയലാഭവും പണലാഭവും സാധ്യമാക്കുന്ന പുതുമയാർന്ന സേവനങ്ങൾ നൽകുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഡിപി വേൾഡ് കൊച്ചിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജിബു കുര്യൻ ഇട്ടി അഭിപ്രായപ്പെട്ടു.