കേരളത്തിൽ സർവീസ് വാനുകളുമായി സാംസംഗ്

Posted on: February 14, 2017

കൊച്ചി : സാംസംഗ് ഉപഭോക്താക്കൾക്ക് അവരുടെ വീട്ടുമുറ്റത്ത് സേവനം ലഭ്യമാക്കുന്നതിനായി കേരളത്തിലും തമിഴ്‌നാട്ടിലും ലോകോത്തര നിലവാരത്തിലുള്ള സർവീസ് വാനുകൾ അവതരിപ്പിച്ചു. കേരളത്തിൽ 20 ഉം തമിഴ്‌നാട്ടിൽ 47 ഉം സർവീസ് വാനുകളാണ് പുറത്തിറക്കിയിട്ടുള്ളത്. സാംസംഗ് ഇന്ത്യ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ വൈസ് പ്രസിഡന്റ് അനുരാഗ് പ്രഷാർ ആണ് വാനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തത്. കേരളത്തിലെ 25 താലൂക്കുകളും തമിഴ്‌നാട്ടിലെ 104 താലൂക്കൂകളും ഈ വാനുകൾ സഞ്ചരിക്കും.

ജനറേറ്റർ സെറ്റും മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള വാനിൽ വിവിധ മേഖലകളിൽ നൈപുണ്യം നേടിയിട്ടുള്ള സർവീസ് എൻജിനീയറുടെ സേവനവും ലഭ്യമാണ്. ഇതു മൂലം ഉപഭോക്താവിന്റെ പരാതികൾക്ക് അപ്പോൾ തന്നെ സേവനം ലഭ്യമാകുമെന്ന് അനുരാഗ് പ്രഷാർ പറഞ്ഞു.

സർവീസ് വാനുകൾക്കു ഒപ്പം ഇന്ത്യയൊട്ടാകെ 250 സർവീസ് പോയിന്റുകളും 250 റെസിഡന്റ് എൻജിനീയർമാരെയും കമ്പനി നിയമിച്ചിട്ടുണ്ടെന്ന് അനുരാഗ് പ്രഷാർ അറിയിച്ചു. ഈ പുതിയ സംരംഭത്തിലൂടെ സാംസംഗ് ടച്ച് പോയിന്റുകളുടെ എണ്ണം 2,000 ൽ നിന്ന് 3,000 ആയി ഉയരും. ഉപഭോക്താക്കൾക്ക് 1800407267864 ഡയൽ ചെയ്ത് ഈ സേവനം ലഭ്യമാകും.