സ്മാർട്ട് ട്രെയിനിംഗ് റിസോഴ്‌സസ് 400 സ്ഥാപനങ്ങളിലേക്ക്

Posted on: January 18, 2017

കൊച്ചി : ചെന്നൈ ആസ്ഥാനമായി കാമ്പസ് റിക്രൂട്ട്‌മെന്റ് പരിശീലനമേഖലയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ട്രെയിനിംഗ് റിസോഴ്‌സസ്, ദക്ഷിണേന്ത്യയിൽ 400 വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുകൂടി പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നു. നിലവിൽ രാജ്യത്തെ 185 കേന്ദ്രങ്ങളിലെ 650 ലേറെ സ്ഥാപനങ്ങളുമായി സ്മാർട്ട് ട്രെയിനിംഗ് സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. കാമ്പസ് റിക്രൂട്ട്‌മെന്റ് പരിശീലനം, കമ്പനിയധിഷ്ഠിത പരിശീലനം, ലാംഗ്വേജ് സ്‌കിൽ ഡെവലപ്പ്‌മെന്റ്, അഭിമുഖ ശിൽപ്പശാല, സാങ്കേതിക പരിശീലനം തുടങ്ങി വ്യത്യസ്ത ഇനങ്ങളിലാണ് കമ്പനി ഇപ്പോൾ പരിശീലനം നൽകി വരുന്നത്.

ഇതിനോടകം 13 ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് പരിശീലനം നൽകി തൊഴിൽ നേടാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് സ്മാർട്ട് ട്രെയിനിംഗ് റിസോഴ്‌സസ് മാനേജിംഗ് ഡയറക്ടർ അർച്ചന റാം അറിയിച്ചു. 2020 ഓടെ മുപ്പത് ലക്ഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് പ്രവർത്തന മേഖല വളരെ വേഗത്തിൽ വിപുലീകരിക്കുന്നുണ്ടെന്നും അർച്ചന റാം പറഞ്ഞു.