വോഡഫോൺ സൂപ്പർ അവർ ഓഫർ

Posted on: January 8, 2017

കൊച്ചി : വോഡഫോൺ പ്രീ പെയ്ഡ് വരിക്കാർക്ക് മണിക്കൂറിന് 18 രൂപയ്ക്ക് പരിധിയില്ലാതെ 4ജി/3ജി ഡാറ്റാ ഉപയോഗിക്കാവുന്ന സൂപ്പർ അവർ പദ്ധതി പ്രഖ്യാപിച്ചു. 2ജി വരിക്കാർക്ക് ഈ പദ്ധതി ഉപയോഗിക്കുവാൻ മണിക്കൂറിന് ഏഴു രൂപ മതിയാകും. ഈ ഓഫർ, ജനുവരി 9 തിങ്കളാഴ്ച മുതൽ എല്ലാ വോഡഫോൺ സർക്കിളുകളിലുമുള്ള വരിക്കാർക്ക് ലഭ്യമാകും. വോഡഫോണിന് 20 കോടി വരിക്കാർ തികഞ്ഞതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് സൂപ്പർ അവർ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

സൂപ്പർ അവർ ഡാറ്റാ ഓഫർ ഉപയോഗിക്കുന്നതിനു പുറമേ ഏഴു രൂപ നൽകി വോഡഫോണിൽനിന്ന് വോഡഫോണിലേക്ക് പരിധിയില്ലാതെ ലോക്കൽ കോൾ വിളിക്കാനുള്ള പദ്ധതിയുമെടുക്കാം. മാത്രവുമല്ല ഓരോ മണിക്കൂറിലും ഈ പദ്ധതി വീണ്ടും ഉപയോഗിക്കുവാനും സാധിക്കും.

വരിക്കാർക്ക് ആശങ്കകളൊന്നുമില്ലാതെ, ചെറിയ നിശ്ചിത തുകയിൽ ഒരു മണിക്കൂറിൽ എത്ര ഡാറ്റ വേണമെങ്കിലും ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്നതാണ് സൂപ്പർ അവർ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. ഇതോടൊപ്പം എല്ലാ മണിക്കൂറിലും ഇത് ആവർത്തിക്കുകയും ചെയ്യാം. അതുവഴി ഓരോ മണിക്കൂറും സൂപ്പർ അവറാക്കി മാറ്റാനും വരിക്കാർക്കു കഴിയുമെന്ന് വോഡഫോൺ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സന്ദീപ് കടാരിയ പറഞ്ഞു.