എച്ച്എൽഎല്ലിന് മികച്ച കയറ്റുമതിക്കുള്ള എഫ്‌ഐഇഒ പുരസ്‌കാരം

Posted on: October 30, 2016

hll-lifecar-regional-export

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്‌കെയറിന് മികച്ച കയറ്റുമതിക്കുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷന്റെ റീജിയണൽ എക്‌സ്‌പോർട്ട് ഗോൾഡൻ പുരസ്‌കാരം. 2015-16 വർഷത്തിൽ 130 കോടി രൂപയുടെ കയറ്റുമതി എച്ച്എൽഎൽ രേഖപ്പെടുത്തിയിരുന്നു. ചെന്നൈ ഗിണ്ടി ഹോട്ടൽ ലെ റോയൽ മെറിഡിയനിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ മന്ത്രി നിർമ്മല സീതാരാമനിൽനിന്ന് എച്ച്എൽഎൽ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജശേഖർ പുരസ്‌കാരം ഏറ്റുവാങ്ങി.

കയറ്റുമതിയിൽ എച്ച്എൽഎല്ലിന്റെ സംഭാവനയ്ക്ക് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രാജശേഖർ പറഞ്ഞു. കയറ്റുമതി ഇനിയും ഉയർത്തുന്നതിന് ഈ പുരസ്‌കാരം പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിലെ ഗാംബിയ, ബുർകിന ഫാസോ എന്നീ രാജ്യങ്ങളിലേക്കും കരീബിയൻ ദ്വീപുകളിലെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലേയ്ക്കുമായി 13 ലക്ഷം ഫീമെയിൽ കോണ്ടത്തിനായുള്ള ആദ്യ മൊത്ത ഓർഡർ ഈ വർഷം എച്ച്എൽഎല്ലിന് ലഭിച്ചിരുന്നു. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളാണ് കമ്പനിയുടെ പ്രധാന കയറ്റുമതി വിപണികൾ. 68 രാജ്യങ്ങളിലേക്ക് മൂഡ്‌സ് ഗർഭനിരോധന ഉറകളും 50 രാജ്യങ്ങളിലേക്ക് ബ്ലഡ് ബാഗും കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്.