ഡിജിറ്റൽ ഇന്ത്യയ്ക്കായി വ്യാപാരി കൂട്ടായ്മ

Posted on: October 8, 2016
വ്യാപാരികളുടെ ഡിജിറ്റൽ ഇന്ത്യ കൂട്ടായ്മയുടെ വെബ്‌സൈറ്റ് ന്യൂഡൽഹിയിൽ കേന്ദ്ര വാണിജ്യ മന്ത്രി നിർമലാ സീതാരാമൻ ഉദ്ഘാടനം ചെയ്യുന്നു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് പ്രസിഡന്റ് മഹേന്ദ്ര എസ്. ഭാർതീയ, സെക്രട്ടറി ജനറൽ പ്രവീൺ ഖൺഡേൽവാൾ എന്നിവർ സമീപം

വ്യാപാരികളുടെ ഡിജിറ്റൽ ഇന്ത്യ കൂട്ടായ്മയുടെ വെബ്‌സൈറ്റ് ന്യൂഡൽഹിയിൽ കേന്ദ്ര വാണിജ്യ മന്ത്രി നിർമലാ സീതാരാമൻ ഉദ്ഘാടനം ചെയ്യുന്നു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് പ്രസിഡന്റ് മഹേന്ദ്ര എസ്. ഭാർതീയ, സെക്രട്ടറി ജനറൽ പ്രവീൺ ഖൺഡേൽവാൾ എന്നിവർ സമീപം

കൊച്ചി : കോർപറേറ്റേതര മേഖലയിൽ ഇടപാടുകൾ കംപ്യൂട്ടറധിഷ്ഠിതമാക്കാൻ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐറ്റി) രംഗത്ത്. ഇതിനായി കച്ചവടക്കാർ, ട്രക്കുടമകൾ, കർഷകർ, ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകൾ, ഉപഭോക്താക്കൾ, സ്വയം തൊഴിൽ സംരംഭകരുടെ സംഘങ്ങൾ, വനിതാ സംരംഭകർ തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തി ഡിജിറ്റൽ ഇന്ത്യയ്ക്കായുള്ള കൂട്ടായ്മയ്ക്ക് ഡൽഹിയിൽ ചേർന്ന സിഎഐറ്റി യോഗം രൂപം നൽകി.

ഡൽഹിയിൽ ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ അലയൻസ് ഓഫ് ഡിജിറ്റൽ ഭാരതി ന്റെ (എഡിബി) വെബ്‌സൈറ്റ് കേന്ദ്ര വാണിജ്യ മന്ത്രി നിർമലാ സീതാ രാമൻ ഉദ്ഘാടനം ചെയ്തു. കറൻസിയില്ലാത്ത സമ്പദ് വ്യവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് മന്ത്രി തദവസരത്തിൽ വ്യക്തമാക്കി. ആഗോളതലത്തിൽ പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്. സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിൽ വിശ്വാസമർപ്പിച്ച കാലഘട്ടം മുമ്പൊരിക്കലുമുണ്ടായിട്ടില്ലെന്നും നിർമലാ സീതാരാമൻ അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ കൂട്ടായ്മ സംബന്ധിച്ച് വിശദമായ ചർച്ചകൾക്കായി നവംബർ മാസം ദേശീയ സാമ്പത്തിക ഉച്ചകോടി വിളിക്കുമെന്ന് സിഎഐറ്റി പ്രസിഡന്റ് ബി.സി. ഭാർതിയ പറഞ്ഞു. ഡിജിറ്റൽ രംഗത്ത് കോർപറേറ്റ് മേഖല വളരെയധികം മുന്നോട്ടു കുതിച്ചെങ്കിലും കോർപറേറ്റേതര ബിസിനസ് സമൂഹം പിന്തള്ളപ്പെടുകയായിരുന്നുവെന്ന് സിഎഐറ്റി സെക്രട്ടറി ജനറൽ പ്രവീൺ ഖൺഡേൽവാൾ പറഞ്ഞു.