കെടിഎം 2016 : ഡിജിറ്റൽ യുഗത്തിലും ട്രേഡ് ഷോകൾ അനിവാര്യം

Posted on: September 30, 2016

ktm-dgital-seminar-big

കൊച്ചി : സെല്ലറും ബയറും തമ്മിൽ നേരിട്ടുള്ള ബന്ധം ഒരുക്കുന്നതിനും, സേവനങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും ഡിജിറ്റൽ യുഗത്തിലും ട്രേഡ് ഷോകൾ അനിവാര്യമാണെന്ന് ജർമനിയിലെ ഐടിബി ബെർലിന്റെ സിഎസ്ആർ മേധാവി റിക്ക ജീൻ ഫ്രാൻഷ്വ പറഞ്ഞു. ഡിജിറ്റൈസേഷനും ട്രാവൽ മാർട്ടുകളുടെ പ്രാധാന്യവും എന്ന വിഷയത്തിൽ കേരള ട്രാവൽ മാർട്ട്-2016ന്റെ ഭാഗമായി നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിബന്ധങ്ങൾ, വിശേഷിച്ച് ഓരോ ഉത്പന്നങ്ങൾക്കും സവിശേഷതയുള്ള സന്ദർഭത്തിൽ, മർമ്മപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വെബ്‌സൈറ്റിനേക്കാൾ വിശദമായി ഒരു ട്രാവൽ ഷോയിൽ പ്രതിഫലിപ്പിക്കാനാവും. കെടിഎം ഇതിനൊരു മികച്ച ഉദാഹരണമാണ്. ഐടിബി പോലെയുള്ള ട്രാവൽ ഷോകളിലേക്ക് എത്തപ്പെടാൻ സാധിക്കാത്ത ചെറിയ, ഇടത്തരം കമ്പനികൾക്ക് കെടിഎം നെറ്റ്‌വർക്കിംഗ് വേദിയൊരുക്കുന്നതായും റിക്ക ജീൻ ഫ്രാൻഷ്വ കൂട്ടിച്ചേർത്തു.

കെടിഎം മാതൃക അതുല്യമാണെന്നും ഇതുപോലെ മറ്റൊന്ന് കാണാൻ കഴിയില്ലെന്നും കെടിഎം സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോർജ് ചൂണ്ടിക്കാട്ടി. ടൂറിസം വ്യവസായത്തിലെ അംഗങ്ങൾക്കായി അംഗങ്ങൾ തന്നെ നടത്തുന്നതാണ് കെടിഎം. ബയർമാരുടെയും സെല്ലർമാരുടെയും നേട്ടത്തിനായി സംഘാടകർ മാർട്ടുകൾ ഒരുക്കുന്നിടത്തോളം കാലം ട്രേഡ് ഷോകൾ വിജയകരമായി തുടരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ മാർഗത്തിൽ വ്യവസായം നടത്തുന്നത് ഒറ്റ മുറിപോലും ഇല്ലാത്തവർക്ക് ഏറ്റവും വലിയ ഹോട്ടൽ വ്യവസായി ആകാനും ഒറ്റ കാർ പോലും ഇല്ലാത്തവർക്ക് ഏറ്റവും വലിയ കാർ ഓപ്പറേറ്റർ ആകാനും അവസരം സൃഷ്ടിക്കുമെന്ന് എയർ ബിഎൻബിയുടേയും യുബറിന്റെയും വിജയകഥകൾ ഉദാഹരണമാക്കി സെമിനാറിൽ മോഡറേറ്ററായിരുന്ന കെടിഎം സൊസൈറ്റി മുൻ പ്രസിഡന്റ് ജോസ് ഡൊമിനിക് ചൂണ്ടിക്കാട്ടി.

വ്യക്തിപരമായ കൂടിക്കാഴ്ച്ചകൾ ഒരുക്കുന്നതിനാൽ ട്രേഡ് ഷോകൾ ഇനിയും തുടരുമെങ്കിലും 365 ദിവസവും കൂടിക്കാഴ്ച്ചയും ഡിജിറ്റൽ സാന്നിധ്യവും ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ ഡിജിറ്റൈസേഷൻ ഇതിന് അനുബന്ധമാകും. ഡിജിറ്റൽ മാധ്യമം കൂടുതൽ ജനാധിപത്യപരവും പങ്കാളിത്തപരവുമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വ്യവസായങ്ങളും ഡിജിറ്റൈസേഷൻ ഒരുക്കുന്ന അവസരങ്ങൾ പരമാവധി മുതലാക്കുകയാണ് വേണ്ടതെന്ന് കെടിഎം ഡിജിറ്റൽ കൺസൾട്ടന്റ് പി. കൃഷ്ണകുമാർ പറഞ്ഞു. കേരളത്തിനുവേണ്ടി ശ്രീലങ്കയിലും യൂറോപ്പിലും പ്രചരണ പരിപാടികൾ നടത്തുന്ന ട്രാവൽ ഏജന്റുകളായ സുമി അട്ടപ്പട്ടു, ബീറ്റ് ജർമ്മൻ എന്നിവരും സംസാരിച്ചു.