ഐഫ ഫിലിം ഉത്സവം : ബാഹുബലിയും എന്ന് നിന്റെ മൊയ്തീനും അവാർഡുകൾ വാരിക്കൂട്ടി

Posted on: January 27, 2016

IIFA-Utsavam-24-Jan-2016-Bi

കൊച്ചി : ഹൈദരാബാദിൽ നടക്കുന്ന ഐ ഐ എഫ് എ ഫിലിം ഉത്സവത്തിൽ ബാഹുബലിയും എന്ന് നിന്റെ മൊയ്തീനും അവാർഡുകൾ വാരിക്കൂട്ടി . ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മേളയാണ് ഹൈദരാബാദ് ഗച്ചിബൗളി ഔട്ട്‌ഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്നത്.

തമിഴ് സിനിമ വിഭാഗത്തിൽ 6 അവാർഡുകളാണ് ബാഹുബലി ദി ബിഗിനിംഗ് നേടിയത്. മികച്ച ചിത്രം, സംവിധാനം, മികച്ച സഹനടൻ, സഹനടി, പിന്നണി ഗായകൻ, ഗായിക എന്നീ അവാർഡുകൾ ആണ് ബാഹുബലി കരസ്ഥമാക്കിയത്. മലയാള ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച ചിത്രം, നടൻ, നദി, മികച്ച സഹനടി, പിന്നണി ഗായിക തുടങ്ങി 6 അവാർഡുകളാണ് എന്ന് നിന്റെ മൊയ്തീൻ നേടിയത്.

തമിഴ് ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച നടനുള്ള അവാർഡ് തനൈ ഒരുവൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ജയം രവി കരസ്ഥമാക്കി. മെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാര മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിൽ പ്രിഥ്വിരാജും പാർവതി മേനോനും മികച്ച നടനും നടിക്കുമുള്ള അവാർഡ് നേടി. ചിത്രം : എന്ന് നിന്റെ മൊയ്തീൻ.

കാവ്യാ മാധവൻ, ശ്രിയ ശരൻ, അദാ ശർമ, തപ്‌സീ പന്നു, മംമ്ത മോഹൻദാസ്, നിക്കി ഗിൽറാണി, ഭരത് എന്നിവരുടെ കലാപരിപാടികളും നടന്നു.

മെഗാ താരങ്ങളായ കമല ഹാസൻ, ചിരഞ്ജീവി, മഹേഷ് ബാബു, നമ്രത, ജയം രവി, കാജൽ അഗർവാൾ, നാസർ, കാർത്തി, അരവിന്ദ് സ്വാമി, അക്കിനെനി നാഗാർജുന, അല്ലു അർജുൻ, ജഗപതി ബാബു, നാഗ ചൈതന്യ തുടങ്ങിയ താരങ്ങൾ സംഗമിക്കുന്ന അപൂർവ നിമിഷങ്ങളാവും ഫിലിം ഉത്സവം സമ്മാനിക്കുക.

ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ വൈവിധ്യങ്ങൾ പ്രചരിപ്പിക്കുന്നതിനും ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയുടെ മികവിനും ഉള്ള അംഗീകാരം കൂടിയാണ് ഫിലിം ഉത്സവം എന്ന് ഐ ഐ എഫ് എ ഫിലിം ഉത്സവം ഡയറക്ടർ ആന്ദ്രെ റ്റിമ്മിൻസ് പറഞ്ഞു.

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാഡമി ഫോർച്യൂൺ സൺഫ്‌ലവർ ഓയിലിന്റെയും ജിയോണി സ്മാർട്ട് ഫോൺസിന്റെയും സഹകരണത്തോടെയാണ് ഐഫ ഫിലിം ഉത്സവം സംഘടിപ്പിക്കുന്നത്.