ക്രഡൻസ് യുഎഇ ഇന്റർസ്‌കൂൾ ക്വിസ് 29 ന്

Posted on: November 27, 2015

Credence-School-Abdulla-Nal

ദുബായ് : രണ്ടാമത് യുഎഇ ഇന്റർ സ്‌കൂൾ ക്വിസ് മത്സരം ഈ മാസം 29 ന് അൽ ഖൂസിലെ അൽ ഖൈൽ മാളിന് സമീപമുള്ള ക്രഡൻസ് ഹൈസ്‌കൂൾ കാമ്പസിൽ നടക്കും. യുഎഇയിലെ 15 സ്‌കൂളുകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരം. ദുബായിൽ പഠിച്ചു വളർന്ന കാനഡയിലെ വാട്ടർലൂ യൂണിവേഴ്‌സിറ്റിയുടെ ക്വിസ് ബൗൾ ക്ലബ് പ്രസിഡന്റുമായ ആയുഷ് എസ്. രാജശേഖരനാണ് ക്വിസ് മാസ്റ്റർ.

ഒരു സ്‌കൂളിൽ നിന്ന് 5 ടീമുകൾക്ക് വരെ പങ്കെടുക്കാം. ഒരു ടീമിൽ മൂന്ന് അംഗങ്ങൾ വീതം. രാവിലെ 9 മുതൽ നാലുവരെയാണ് മത്സരസമയം. രാവിലെ എഴുത്തുപരീക്ഷയിലൂടെ വിജയികളാകുന്ന 8 ടീമുകളെ സെമിഫൈനൽസിലേക്കും അതിൽ നിന്നുള്ള 4 ടീമുകളെ ഫൈനൽസിലേക്കും തെരഞ്ഞെടുക്കും. വിജയികൾക്ക് റോളിംഗ് ട്രോഫിയും മറ്റു സമ്മാനങ്ങളും നൽകും.

Credence-School-Big

യുഎഇയിലെ വിദ്യാർത്ഥികൾക്കു വേണ്ടി ഇന്റർ സ്‌കൂൾ ക്വിസ് മത്സരവേദി സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്രഡൻസ് ഹൈസ്‌കൂൾ ചെയർമാൻ അബ്ദുള്ള നാലപാട് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിലൂടെ വിദ്യാർത്ഥികൾക്കു കലാ-ശാസ്ത്ര-സാങ്കേതിക വിഷയങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.