ജൂണിയർ എൻ ബി എ പ്രോഗ്രാമിന് തുടക്കമായി

Posted on: September 30, 2015

Reliance-JNBA-Train-The-Tra

കൊച്ചി: റിലയൻസ് ഫൗണ്ടേഷനും നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ജൂണിയർ എൻ ബി എ പ്രോഗ്രാമിന്റെ മൂന്നാം എഡിഷന് കൊച്ചിയിൽ തുടക്കമായി. ബാസ്‌ക്കറ്റ് ബോൾ പരിശീലകർക്ക് പരിശീലനം നൽകുന്ന പരിപാടിയാണ് കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചത്. കൊച്ചിയിൽ മാത്രം 250 കോച്ചുകൾക്ക് വിദഗ്ധ പരിശീലനം നൽകും.

നടപ്പു വർഷം 15 ലക്ഷത്തിലേറെ കുട്ടികളേയും 2,700 പരിശീലകരേയും ബാസ്‌ക്കറ്റ് ബോൾ കളിയിൽ വ്യാപൃതരാക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. ജൂണിയർ എൻ ബി എ കഴിഞ്ഞ വർഷത്തേതിലും ഇരട്ടിയോളം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്ന് റിലയൻസ് ഫൗണ്ടേഷൻ വക്താവ് അറിയിച്ചു. കഴിഞ്ഞ വർഷം 8 നഗരങ്ങളിൽ നടത്തിയ പ്രോഗ്രാം ഇത്തവണ 14 നഗരങ്ങളിലുണ്ട്. ലുധിയാന, ചണ്ഡിഗഡ്, ജലന്തർ, ചെന്നൈ, ഡൽഹി, കൊച്ചി, കോട്ടയം, മുംബൈ, അഹമ്മദാബാദ്, ബംഗലുരു, ജയ്പൂർ, ലക്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിൽ 2015 സെപ്റ്റംബർ മുതൽ 2016 മാർച്ച് വരെയുള്ള കാലയളവിൽ ജൂണിയർ എൻ ബി എ പ്രോഗ്രാം സംഘടിപ്പിക്കും.

ബാസ്‌ക്കറ്റ്‌ബോൾ കളിയിലൂടെ നേതൃപാടവം, സംഘടിത പ്രവർത്തനം, ആരോഗ്യകരമായ ജീവിതം എന്നിവ നേടിയെടുക്കാൻ ഇന്ത്യൻ യുവത്വത്തെ സജ്ജമാക്കുകയാണ് റിലയൻസ് ഫൗണ്ടേഷൻ ജൂണിയർ എൻ ബി എ പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് എൻ ബി എ ഇന്ത്യ വൈസ് പ്രസിഡന്റ് യാനിത് കൊളാകോ പറഞ്ഞു.