മാംഗോ ഫെസ്റ്റിൽ മാമ്പഴ വിഭവ മത്സരം

Posted on: May 27, 2015

Mango-Festival-2015-Big

കൊച്ചി: കലൂർ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മാംഗോ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ വിദേശ പ്രതിനിധികൾ എത്തി. പാകിസ്ഥാൻ, ഇന്തോനേഷ്യ, അഫ്ഗാൻ അഫ്ഗാൻ എന്നിവയ്ക്ക് പുറമേ ഹിമാചൽ പ്രദേശിൽ നിന്നുള്ള പ്രതിനിധികളും എത്തിയിട്ടുണ്ട്.

പാകിസ്ഥാനിൽ നിന്നുള്ള ബാദുഷയാണ് വിദേശികളിൽ പ്രമുഖൻ. പഴുത്താൽ അതിമധുരവും പച്ചയ്ക്ക് പുളിയും എന്നതാണ് ബാദുഷ മാങ്ങയുടെ പ്രത്യേകത. ഒരു മാങ്ങയ്ക്ക് അര കിലോ തൂക്കം വരും. ഇന്തോനേഷ്യയിൽ നിന്ന് എത്തിയ കപൊങ്ങ് ഇനം മാങ്ങയ്ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ട്. നമ്മുടെ നാട്ടിലെ ചപ്പിക്കുടിയൻ ഇനം മാങ്ങയുടെ കാരണവരാണ് കപൊങ്ങ്. ഹിമാചൽ പ്രദേശിൽ നിന്നുള്ള ഹിമാംപസന്ത് മേളയുടെ മറ്റൊരു ആകർഷണമാണ്. ഈ മാങ്ങ ഒരു കിലോയോളം തൂക്കം വരും. എത്ര പഴുത്താലും മാങ്ങയുടെ ഉൾവശം തനി വെളുപ്പായിരിക്കും എന്നതാണ് ഈ മാമ്പഴത്തിന്റെ പ്രത്യേകത. ഇവയേയൊക്കെ വെല്ലാൻ നാടൻ മാമ്പഴങ്ങളും വാശിയോടെ രംഗത്തുണ്ട്. നാല് തരം നീലം മാമ്പഴങ്ങളാണ് പ്രദർശനത്തിനുള്ളത്. കൽനീലം, കരിനീലം, ആമ്‌ബോർ നീലം, സാധാരണ നീലം എന്നീ മാമ്പഴ വിഭാഗങ്ങളാണ് പ്രദർശനത്തിനുള്ളത്. സാധാരണയായി ഒരിനം നീലം മാമ്പഴങ്ങളെ നമുക്ക് ലഭിക്കാറുള്ളൂ.

ഇന്ന് മുതൽ ഓരോ അര മണിക്കൂറിലും വ്യത്യസ്ഥ തരം മാമ്പഴങ്ങൾക്കു പ്രത്യേകം വിലക്കിഴിവുകളും പ്രഖ്യാപിക്കും. മെയ് 30 ശനിയാഴ്ച്ച രാവിലെ 11.30 മണിക്ക് മാമ്പഴ വിഭവങ്ങളുടെ മത്സരം നടക്കും. മാമ്പഴം ഉപയോഗിച്ചുള്ള വിഭവങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി പ്രദർശന നഗരിയിൽ എത്തിച്ച് പ്രദർശിപ്പിക്കാം. ഒരാൾക്ക് എത്ര വിഭവങ്ങൾ വേണമെങ്കിലും ഉണ്ടാക്കി പ്രദർശിപ്പിക്കാം. ഒന്നാം സമ്മാനമായി സ്മാർട്ട് ഫോൺ ലഭിക്കും. ഐ പാഡ്, കുക്കിംഗ് സെറ്റ് എന്നിവയും സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ 9746338590 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രദർശനം 31 ന് സമാപിക്കും.