ലാഭം ഉറപ്പുനൽകുന്ന ഫണ്ടുമായി യൂണിയൻ കെബിസി

Posted on: October 15, 2013

Union-KBC-logoയൂണിയൻ ബാങ്കിന്റെ ഉപസ്ഥാപനമായ യൂണിയൻ കെബിസി മ്യൂച്ച്വൽ ഫണ്ട് പുതിയ ട്രിഗർ ഫണ്ട് സീരീസ് ഒന്ന് അവതരിപ്പിച്ചു. നിക്ഷപകർക്ക് ലാഭം ഉറപ്പുനൽകുന്ന പുതിയ ഫണ്ടുകളുടെ വില്പന ഒക്ടോബർ 25ന് അവസാനിപ്പിക്കും. യൂണിറ്റൊന്നിന് 10 രൂപയാണ് വില. ഏറ്റവും കുറഞ്ഞത് 5000 യൂണിറ്റുകളോ അതിന്റെ 10ന്റെ ഗുണിതങ്ങളോ ആയിട്ടായിരിക്കും ലഭ്യമാകുക.

പ്രാഥമിക തലത്തിൽ തന്നെ നിക്ഷപകർക്ക് ലാഭം ഉറപ്പിക്കാവുന്ന തരത്തിലാണ് ഫണ്ട് തയ്യാറാക്കിയിരിക്കുന്നത്. യൂണിറ്റിന്റെ മൂല്യം (എൻഎവി) മൂന്ന് വർഷത്തിനകം 13 കടന്നാൽ ഇതിന്റെ 10-ാം ദിവസം നിക്ഷേപം ലിക്വിഡേറ്റ് ചെയ്യാൻ ആരംഭിക്കും. 10 ദിവസം മുതൽ നിക്ഷേപകന് ലാഭ വിഹിതം ലഭിച്ചു തുടങ്ങും. ആദ്യ മൂന്ന് വർഷത്തിനുള്ളിൽ യൂണിറ്റിന്റെ മൂല്യം 13ൽ എത്തിയില്ലെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ ഫണ്ട് പൂർണ വളർച്ച എത്തിയതായി കണക്കാക്കി ലാഭം ലഭിച്ചു തുടങ്ങുകയും ചെയ്യും. അതായത് മൂന്ന് വർഷത്തിനുള്ളിൽ മുൻ നിശ്ചയപ്രകാരമുളള വളർച്ച നേടിയില്ലെങ്കിലും ലാഭം ഉറപ്പാണ്.

മുൻ നിശ്ചയിച്ച മൂല്യം എത്തിക്കഴിഞ്ഞാൽ നിക്ഷേപകർക്ക് വിപണിയുടെ നേട്ടങ്ങൾ അനുഭവിക്കാനുള്ള അവസരമാണ് ഈ ഉൽപ്പന്നത്തിലൂടെ ലഭിക്കുന്നതെന്ന് യൂണിയൻ കെബിസി എഎംസി സീഇഒ ജി പ്രദീപ് കുമാർ പറഞ്ഞു. സാധാരണ ആളുകൾ മൂല്യം കൂടുന്നത് കാണുകയും പിന്നീട് അത് താഴോട്ട് പോരുന്നതുമാണ് കാണാറുള്ളത്. ഇതിനു പരിഹാരമാണ് പുതിയ സ്‌കീമെന്നും അദേഹം പറഞ്ഞു.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പട്ടികയിൽ സ്‌കീം ഉൾപ്പെടുത്തും. വളർച്ചയെത്തും മുമ്പ് ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി അതു സാധ്യമാണ്. ആഷിഷ് റണവാഡെയായിരിക്കും സ്‌കീം കൈകാര്യം ചെയ്യുക.