യു ടി ഐ ക്രെഡിറ്റ് റിസ്‌ക്ക് ഫണ്ടില്‍ നിന്ന് 8.41 ശതമാനം വരുമാനം

Posted on: February 13, 2019

കൊച്ചി : യു ടി ഐ ക്രെഡിറ്റ് റിസ്‌ക്ക് ഫണ്ട് നിക്ഷേപകര്‍ക്ക് 8.41 ശതമാനം വരുമാനം ലഭ്യമാക്കിയതായി ഈ വര്‍ഷം ജനുവരി 31 -ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൂചികയായ ക്രിസില്‍ കോംപോസിറ്റ് ബോണ്ട് ഫണ്ടിന് 8.29 ശതമാനം വരുമാനം മാത്രം ലഭ്യമാക്കാനായ സാഹചര്യത്തിലാണ് യു ടി ഐ ക്രെഡിറ്റ് റിസ്‌ക്ക് ഫണ്ടിന്റെ ഈ നേട്ടം. ഉയര്‍ന്ന വരുമാന സാധ്യതയുള്ള കടപത്രങ്ങളിലും മറ്റും നിക്ഷേപിച്ച് ന്യായമായ വരുമാനവും മൂലധന വര്‍ധനവും ലഭ്യമാക്കുകയാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. രണ്ടു മുതല്‍ നാലു വരെ വര്‍ഷം കാലാവധിയുള്ള കടപത്രങ്ങളിലെ നിക്ഷേപം വഴി താരതമ്യേന നഷ്ട സാധ്യതയെ മറി കടക്കുന്ന നേട്ടമാണ് ഇവയിലൂടെ കൈവരിക്കാനാവുക.

നിരക്കുകള്‍ കുറക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനവും ബജറ്റിലെ നടപടികളും സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ യു ടി ഐ ക്രെഡിറ്റ് റിസ്‌ക്ക് ഫണ്ട് പോലുള്ള പദ്ധതികള്‍ നിക്ഷേപകര്‍ക്ക് മികച്ച അവസരമാണു നല്‍കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ യു ടി ഐ മ്യൂചല്‍ ഫണ്ടിന്റെ ഫണ്ട് മാനേജര്‍ റിതേഷ് നമ്പ്യാര്‍ പറഞ്ഞു. സന്തുലിതമായ ഒരു നിക്ഷേപം വളര്‍ത്തിയെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി തങ്ങളുടെ നിക്ഷേപങ്ങളുടെ ഭാഗമാക്കാവുന്നതാണ്.

TAGS: UTI Mutual Fund |