ചെറുകിട സംരംഭങ്ങള്‍ക്ക് ഓറിയന്റല്‍ ബാങ്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കും

Posted on: January 23, 2019

കൊച്ചി : സിബില്‍ എം.എസ്.എം.ഇ. റാങ്കില്‍ (സി.എം.ആര്‍.) മികച്ച സ്ഥാനമുള്ള ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സില്‍ നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭിക്കും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ അടുത്ത 12 മാസങ്ങളില്‍ നിഷ്‌ക്രിയ ആസ്തികളിലേക്കു പോകാനുള്ള സാധ്യതകള്‍ പ്രവചിക്കുവാന്‍ മെഷ്യന്‍ ലേണിംഗ് പ്രയോജനപ്പെടുത്തുകയാണ് സി.എം.ആര്‍. വഴി ചെയ്യുന്നത്.

വായ്പാ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്ക് ഒന്നു മുതല്‍ പത്തു വരെയുളള റാങ്കുകളാണ് സി.എം.ആര്‍. നല്‍കുന്നത്. സി.എം.ആര്‍. ഒന്ന് ഏറ്റവും കുറവ് നഷ്ട സാധ്യതയുള്ള ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കാണു നല്‍കുക. ഈ സൂചിക ഉയരും തോറും സ്ഥാപനങ്ങള്‍ നിഷ്‌ക്രിയ ആസ്തിയാകാനുള്ള സാധ്യതയും വര്‍ധിക്കും. സി.എം.ആര്‍. ഒന്നു മുതല്‍ മൂന്നു വരെയുള്ള സ്ഥാപനങ്ങള്‍ക്ക് പലിശ നിരക്കില്‍ 0.25 ശതമാനം ഇളവാകും ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് നല്‍കുക.

മികച്ച വായ്പാ ചരിത്രവും സി.എം.ആര്‍. റാങ്കുമുള്ള തങ്ങളുടെ ചെറുകിട സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കു വാഗ്ദാനം നല്‍കുക വഴി മികച്ച വായ്പാ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുകയാണു ചെയ്യുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ മുകേഷ് കുമാര്‍ ജെയിന്‍ ചൂണ്ടിക്കാട്ടി. ഇതുവഴി തങ്ങളുടെ ചെറുകിട വായ്പാ വിഭാഗത്തെ കൂടുതല്‍ ആരോഗ്യകരമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട വായ്പാ മേഖല വായ്പാ ദാതാക്കളെ സംബന്ധിച്ച് ലാഭകരമായി തുടരുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ സതീഷ് പിള്ള ചൂണ്ടിക്കാട്ടി.