ഫെഡറല്‍ ബാങ്ക് ബംഗലുരുവില്‍ കസ്റ്റമര്‍ കോണ്‍ടാക്ട് സെന്റര്‍ ആരംഭിച്ചു

Posted on: January 5, 2019

കൊച്ചി : ഫെഡറല്‍ ബാങ്ക് ബംഗലുരു, വൈറ്റ്ഫീല്‍ഡില്‍ പുതിയ ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രം (കസ്റ്റമര്‍ കോണ്‍ടാക്ട് സെന്റര്‍) ആരംഭിച്ചു. ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശാലിനി വാര്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിലവിലുള്ള ഉപഭോക്താക്കളുടെയും പുതിയ ഉപഭോക്താക്കളുടെയും ഔട്ട്ബൗണ്ട് കോളുകള്‍ ഇനി മുതല്‍ പുതിയകേന്ദ്രത്തിലാകും കൈകാര്യം ചെയ്യുക. കൊച്ചിയില്‍ നിലവിലുള്ള കേന്ദ്രത്തിനു പുറമെയാണ് ബംഗലുരുവില്‍ പുതിയ ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

സേവനങ്ങളും ഉത്പന്നങ്ങളും വിപുലമാക്കുകയും രാജ്യത്താകമാനം ലഭ്യമാകുകയും ചെയ്ത് ഉപഭോക്തൃ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തി വരികയാണ് ബാങ്ക്. ഉപഭോക്താക്കളുമായുള്ള ദൃഢ ബന്ധത്തിന്റെയും ഉപഭോക്ക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുക എന്ന ബാങ്കിന്റെ പ്രഖ്യാപിത നയത്തിന്റൈയും തെളിവാണ് പുതിയ കേന്ദ്രമെന്നും ശാലിനി വാര്യര്‍ പറഞ്ഞു. പ്രമുഖ കോള്‍ സെനറ്റര്‍ സേവന ദാതാവായ കോണ്‍സെന്‍ട്രിക്സ് സര്‍വീസസുമായി സഹകരിച്ചാണ് ബംഗലുരുവില്‍ ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

ഫെഡറല്‍ ബാങ്കുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോവമുണ്ടെന്ന് കോണ്‍സെന്‍ട്രിക്സ് സീനിയര്‍ ഡയറക്ടര്‍ അനില്‍കുമാര്‍ പറഞ്ഞു. ഉന്നതനിലവാരത്തിലുളള സേവനങ്ങള്‍ ബാംഗലുരു സെന്ററില്‍ നിന്നും നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു