ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കുതിപ്പേകാന്‍ കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകള്‍

Posted on: October 2, 2018

കൊച്ചി : കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും കറണ്‍സിയുടെ ഉപയോഗത്തില്‍ കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആര്‍ബിഐ) 2017-18ലെ വാര്‍ഷിക റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2016 സാമ്പത്തിക വര്‍ഷം വിനിമയത്തിലുണ്ടായിരുന്നത് 16.63 ലക്ഷം കോടി രൂപയും 2017 സാമ്പത്തിക വര്‍ഷം 13.35 ലക്ഷം കോടി രൂപയുമായിരുന്നെങ്കില്‍ 2018ല്‍ ഇത് 18.29 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുമ്പോഴും രാജ്യം ഇപ്പോഴും കറന്‍സിയെ തന്നെ ആശ്രിയിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

ഇന്ത്യയുടെ നോട്ട് ആശ്രയ പ്രശ്നത്തിന് നല്ല പരിഹാരം ഇ-പേയ്മെന്റുകളാണ്. ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 39 കോടി ഉപയോക്താക്കളുമായി ഇന്ത്യ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. എന്നാല്‍ ഇതില്‍ 16 കോടി മാത്രമാണ് ഓണ്‍ലൈനില്‍ ഇടപാടു നടത്തുന്നത്. ഇതില്‍ തന്നെ 5.40 കോടി പേര്‍ ആദ്യത്തെ ഓണ്‍ലൈന്‍ വാങ്ങലിനു ശേഷം ഇടപാടു നിര്‍ത്തിയവരാണ്.

ആര്‍ബിഐയുടെ കണക്കനുസരിച്ച് 98 കോടി ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രചാരണത്തിലുണ്ട്. ഇവയുടെ 77 ശതമാനം ഇടപാടുകള്‍ എടിഎമ്മുകളിലാണ്. പിഒഎസ് വഴിയുള്ള ഇടപാടുകള്‍ എളുപ്പമാക്കിയാല്‍ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കാനാകും.

ഇതു സാധ്യമാക്കുന്നതിന് സ്പര്‍ശന രഹിത സാമീപ്യ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്സി) ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാന്‍ ധനമന്ത്രാലയം ഈയിടെ ബാങ്കുകളോട് നിര്‍ദേശിച്ചു. പേരു സൂചിപ്പിക്കും പോലെ തന്നെ ഉപയോക്താക്കള്‍ക്ക് ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് പിഒഎസ് ടെര്‍മിനലുകളില്‍ സാമീപ്യം കൊണ്ടു തന്നെ ഇടപാടുകള്‍ നടത്താനാകും. കോണ്‍ടാക്റ്റ്ലെസ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് മൂന്നു സെക്കന്‍ഡില്‍ താഴെ മാത്രം സമയം മതി. ഇത് പേയ്മെന്റ് വേഗത്തിലാക്കുന്നു. 

ഇന്ന് ആളുകള്‍ക്ക് തെരഞ്ഞെടുക്കാന്‍ നിരവധി ഡിജിറ്റല്‍ പേയ്മെന്റ് മാര്‍ഗങ്ങളുണ്ട്. തടസമില്ലാത്ത അനുഭവം നല്‍കാന്‍ പലര്‍ക്കും സാധിക്കാത്തതിനാല്‍ നോട്ട് ഉപയോഗത്തിലേക്ക് വീണ്ടും മടങ്ങുന്നതെന്നും വേഗത്തിലും സുരക്ഷിതമായും തടസമില്ലാതെയും വെറുമൊരു മുട്ടല്‍ പോലുള്ള ലളിതമായ പ്രക്രിയകളിലൂടെ പേയ്മെന്റ് ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സ്പര്‍ശന രഹിത കാര്‍ഡുകള്‍ക്ക് ഉപഭോക്താക്കളെ ഡിജിറ്റല്‍ ഇടപാടുകളില്‍ പിടിച്ചു നിര്‍ത്താനാവുമെന്ന് വിസ, ഇന്ത്യ-ദക്ഷിണേഷ്യ, ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ടി.ആര്‍.രാമചന്ദ്രന്‍ പറഞ്ഞു.