ക്രിസിൽ മുത്തൂറ്റ് ഹോംഫിനിന്റെ റേറ്റിംഗ് ഉയർത്തി

Posted on: September 22, 2018

കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പിന്റെ ഭവന വായ്പാ കമ്പനിയായ മുത്തൂറ്റ് ഹോംഫിൻ ഇന്ത്യ ലിമിറ്റഡിന്റെ റേറ്റിംഗ് ക്രിസിൽ ഉയർത്തി. ക്രിസിൽ ഡബിൾ എ നെഗറ്റീ സ്റ്റേബിളിൽനിന്നു ക്രിസിൽ ഡബിൾ എ സ്റ്റേബിളായിട്ടാണ് റേറ്റിംഗ് പുതുക്കിയത്. ടേം ലോൺ, പ്രവർത്തന മൂലധന ലോൺ, നിർദിഷ്ഠ ദീർഘകാല ബാങ്ക് ഫസിലിറ്റി എന്നിവയുടെ റേറ്റിംഗ് ആണ് ഉയർത്തിയത്.

മുത്തൂറ്റ് ഹോംഫിൻ ഇന്ത്യയുടെ ഭവനവായ്പ ഇക്കഴിഞ്ഞ ജൂൺ 30-ന് 1621 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. മുൻവർഷം ജൂണിലെ 596 കോടി രൂപയിൽനിന്നും 172 ശതമാനം വളർച്ചയാണ് നേടി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യക്വാർട്ടറിൽ ഭവനവായ്പയിൽ 156 കോടി രൂപ കൂട്ടിച്ചേർത്തു. മുൻ ക്വാർട്ടറിലേതിനേക്കാൾ 11 ശതമാനം കൂടുതലാണിത്.

താങ്ങാവുന്ന നിരക്കിലുള്ള വായ്പയ്ക്ക് ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ റേറ്റിംഗ് ഉയർത്തിയത് കമ്പനിക്ക് മികച്ച നേട്ടം നൽകുമെന്ന് മുത്തൂറ്റ് ഹോംഫിൻ ഇന്ത്യയുടെ സിഇഒ രാമരത്‌നം എസ് പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, കേരളം, കർണാടകം, തെലുങ്കാന, ആന്ധ്രപ്രദേശ്, ഹരിയാന, ചണ്ഢീഗഡ്, ഉത്തർപ്രദേശ് എന്നീ പതിനൊന്നു സംസ്ഥാനങ്ങളിലായി കമ്പനിക്ക് 70 ശാഖകളുണ്ട്.

TAGS: Muthoot Homefin |