കോണ്‍ടാക്ട്ലെസ് കാര്‍ഡുകള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നു

Posted on: August 30, 2018

കൊച്ചി : ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വെല്ലുവിളി നേരിടുന്ന കച്ചവടക്കാര്‍ക്കു തുണയായി കോണ്‍ടാക്ട്ലെസ് കാര്‍ഡുകള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നു. ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും പരമ്പരാഗത കച്ചവട സ്ഥാപനങ്ങളില്‍ തന്നെ പോയി സാധനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ ഇന്നും ഒട്ടേറെയുണ്ട്. എന്നാല്‍ ഇങ്ങനെയെത്തുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പണമടക്കുന്ന കൗണ്ടറിലെ തിരക്കും ക്യൂവും ഒഴിവാക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ കോണ്‍ടാക്ട് ലെസ് കാര്‍ഡുകള്‍ കൂടുതല്‍ പ്രസക്തമാകുകയാണ്.

നീണ്ട ക്യൂ മൂലം 79 ശതമാനം ഉപഭോക്താക്കള്‍ കച്ചവട സ്ഥാപനങ്ങളില്‍ നിന്നു പുറത്തേക്കു പോകുന്നു എന്നാണ് അമേരിക്കയില്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയത്. ഒരു ഉപഭോക്താവ് ശരാശരി പത്തു മിനിറ്റു പണം നല്‍കാനായി ചെലവിടേണ്ടി വരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്ത് രണ്ടായിരം രൂപ വരെയുള്ള ഇടപാടുകള്‍ പിന്‍ ഇല്ലാതെ തന്നെ നടത്താനാവുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമാകുന്നു.

ഇതേ സമയം കച്ചവടക്കാര്‍ക്ക് പണം കൈകാര്യം ചെയ്യാതെ തന്നെ ഇടപാടുകള്‍ നടത്തുവാനാകുന്നത് ഏറെ ആശ്വാസവും നല്‍കുന്നു. ഉപഭോക്താക്കള്‍ കൗണ്ടറില്‍ കാത്തു നില്‍ക്കേണ്ടി വരുന്നത് ഒഴിവാക്കുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനും അവസരം ലഭിക്കുന്നു.

കോണ്‍ടാക്ട്ലെസ് കാര്‍ഡുകളുടെ ഗുണം ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ലോക വ്യാപകമായി തന്നെ കച്ചവടക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വീസാ ഗ്രൂപ്പിന്റെ ഇന്ത്യാ ദക്ഷിണേഷ്യാ കണ്‍ട്രി മാനേജര്‍ ടി. ആര്‍. രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ കോണ്‍ടാക്ട്ലെസ് കാര്‍ഡുകള്‍ പ്രയോജനപ്പെടുത്തുന്നത് കച്ചവട സ്ഥാപനങ്ങള്‍ക്ക് ഏറെ ഗുണമാകുമെന്ന് ഉറപ്പാണ്. ചെറിയ തുകകളുടെ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനാവും ഇത് തുടക്കത്തില്‍ കൂടുതല്‍ പ്രയോജനപ്പെടുക.