യു പി ഐ 2.0 പുറത്തിറക്കി

Posted on: August 29, 2018

കൊച്ചി: ദേശീയ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്റെ യു പി ഐ  പണമടക്കല്‍ സംവിധാനത്തിന്റെ പുതുക്കിയ പതിപ്പായ യു പി ഐ  2.0 പുറത്തിറക്കി. നിലവിലെ എസ് ബി , കറണ്ട് അക്കൗണ്ടുകള്‍ക്കു പുറമെ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകളുമായും ബന്ധിപ്പിക്കുന്നത് അടക്കമുള്ള നിരവധി പുതിയ സൗകര്യങ്ങള്‍ യു പി ഐ. 2.0 എന്ന പുതിയ പതിപ്പില്‍ ലഭ്യമാണ്.

ഒ ഡി  അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഇതിലൂടെ പ്രയോജനപ്പെടുത്താനാവും. യു പി ഐ വഴി പണം നല്‍കുന്നതിന് മുന്‍കൂട്ടി അനുവാദം നല്‍കുകയും പിന്നീട് പണം നല്‍കുകയും ചെയ്യാനാവും. പണം നല്‍കുന്നതിനു മുന്‍പായി തങ്ങളുടെ ഇന്‍ബോക്‌സില്‍ ഇന്‍വോയ്‌സ് പരിശോധിക്കാനുള്ള സൗകര്യമാണ് മറ്റൊന്ന്. കച്ചവട സ്ഥാപനത്തിന്റെ ആധികാരികത പരിശോധിക്കാന്‍ ക്യൂ ആര്‍ കോഡ് സ്‌ക്കാന്‍ ചെയ്യാനും പുതിയ പതിപ്പിലൂടെ കഴിയും.

2016 ഏപ്രില്‍ 11 ന് പുറത്തിറക്കിയ യു പി ഐ വന്‍ ജനപ്രീതിയാണു നേടിയിട്ടുള്ളത്. യു പി ഐ. 2.0 -ല്‍ ഇപ്പോള്‍ എസ് ബി ഐ, എച്ച് ഡി എഫ് സി. ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഐ ഡി ബി ഐ ബാങ്ക്, യെസ് ബാങ്ക്, കോട്ടക് മഹീന്ദ്രാ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച് എസ് ബി സി ബാങ്ക് എന്നിവയാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

www.bhimupi.org.in എന്ന ലിങ്കില്‍ നിന്ന് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാനാവും. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍, എസ്.ബി.ഐ. ചെയര്‍മാന്‍ രജനീഷ് കുമാര്‍. എന്‍ പി സി ഐ. ഉപദേശകന്‍ നന്ദന്‍ നിലേകനി തുടങ്ങിയവര്‍ ചേര്‍ന്നാണ് യു.പി.ഐ. 2.0 പുറത്തിറക്കിയത്.

TAGS: UPI 2.0 |