ഭാരത് ബിൽപേ ഇടപാടിൽ മാർച്ചിൽ 75% വർധന

Posted on: April 15, 2018

കൊച്ചി : നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഭാരത് ബിൽപേയ്ക്കുള്ള സ്വീകാര്യത വർധിക്കുന്നു. മാർച്ചിൽ ഭാരത് ബിൽപേ വഴി 31.5 ദശലക്ഷം ഇടപാടുകളാണ് നടന്നത്. 2017 മാർച്ചിലിത് 18 ദശലക്ഷം മാത്രമായിരുന്നു. 75% വർധനയാണ് ഇടപാടുകളിൽ ഉണ്ടായിരിക്കുന്നത്.

വൈദ്യുതി, ജലം, ഡിടിഎച്ച്, ടെലികോം, ഗ്യാസ് എന്നിവയുടെ ബിൽ ഭാരത് ബിൽപേ എകോസിസ്റ്റത്തിലൂടെ അടക്കാം. പണം അടക്കുന്നതിന് നിരവധി സംവിധാനങ്ങൾ ഈ എകോസിസ്റ്റത്തിൽ ഉണ്ട്. ഇന്റർനെറ്റ് ബാങ്കിംഗ്, വെബ്‌സൈറ്റ്, മൊബൈൽ ബാങ്കിംഗ്, മൊബൈൽ ആപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഗ്രാമ, നഗര, സ്ഥലഭേദമില്ലാതെ ഏതൊരാൾക്കും എളുപ്പത്തിൽ പണം അടക്കാം എന്നുള്ളതാണ് ഭാരത് ബിൽപേ സംവിധാനത്തിന്റെ വിജയത്തിന് കാരണമെന്ന് ചീഫ് പ്രോജക്ട് ഓഫീസർ എ.ആർ രമേശ് പറഞ്ഞു. ഭാരത് ബിൽപേയുമായി ഇൻറർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ ബന്ധിപ്പിച്ചിരിക്കുന്നത് ഉപയോക്താക്കൾക്ക് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ബിൽപേ സംവിധാനത്തിൽ 20 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 75 ബില്ലർമാരാണ് ഉള്ളത്. ആകെ 1.7 ദശലക്ഷം ഏജന്റുമാരും ഈ ശൃംഖലയിലുണ്ട്.

TAGS: Bharat BillPay |