മുത്തൂറ്റ് ഗോൾഡ് പോയിന്റ് കൊച്ചിയിൽ

Posted on: February 10, 2018

കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് സംസ്ഥാനത്തെ പ്രഥമ ഗോൾഡ് പോയിന്റ് എറണാകുളം എംജി റോഡിലെ എ.വി.എസ്. ബിൽഡിങ്ങിൽ ആരംഭിച്ചു. ഗോൾഡ് പോയിന്റിൽ പഴയ സ്വർണം വാങ്ങി ശുദ്ധീകരിച്ചശേഷം സ്വർണ ബാറുകളാക്കി ഉപയോക്താക്കൾക്ക് തിരികെ നൽകും. ഗോൾഡ് പോയിന്റ് സെന്റർ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ്, മുത്തൂറ്റ് പ്രെഷ്യസ് മെറ്റൽസ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കേയൂർ ഷാ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ സഞ്ജീവ് ശുക്ല എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

2015 ൽ കോയമ്പത്തൂരിൽ ആദ്യ ഡോൾഡ് പോയിന്റ് സെന്റർ തുറന്ന മുത്തൂറ്റ് എക്‌സിമാണ് സംഘടിത മേഖലയിൽ ആദ്യമായി ഗോൾഡ് റീസൈക്ലിങ് സെന്ററിന് തുടക്കമിട്ടത്. അഹമ്മദാബാദ്, ബംഗലുരു, ചെന്നൈ, ഡൽഹി, കോൽക്കത്ത, ലുധിയാന, മധുര, മുംബൈ, വിജയവാഡ, ബെഹ്‌റാംപൂർ എന്നിവിടങ്ങളിലും പിന്നീട് സെന്ററുകളാരംഭിച്ചു. വീടുകളിലെത്തി പഴയ സ്വർണം ശേഖരിക്കുന്നതിനുള്ള സംവിധാനത്തോടുകൂടിയ മൊബൈൽ മുത്തൂറ്റ് ഗോൾഡ് പോയിന്റും മുംബൈയിലാരംഭിച്ചിട്ടുണ്ട്.

പഴയ സ്വർണാഭരണങ്ങൾ ശേഖരിച്ച് ശുദ്ധീകരിച്ച് ബാറുകളാക്കി ലഭ്യമാക്കുന്നത് സ്വർണം ഇറക്കുമതി കുറക്കാൻ സഹായകമാണെന്ന് തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു. പ്രതിശീർഷ സ്വർണ ഉപഭോഗത്തിൽ ഒന്നാമത് നിൽക്കുന്ന കേരളത്തെ സംബന്ധിച്ചേടത്തോളം ഈ സംരംഭം ചില്ലറ വിപണന മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് തോമസ് ജോർജ് മുത്തൂറ്റ് അഭിപ്രായപ്പെട്ടു.