ഫെഡ്‌മൊബൈലിൽ പുതിയ ചാറ്റ്‌ബോട്ട് സേവനം

Posted on: January 20, 2018

കൊച്ചി : ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്പായ ഫെഡ്‌മൊബൈലിൽ പുതിയ ചാറ്റ്‌ബോട്ട് സേവനം പ്രവർത്തനമാരംഭിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് ഒട്ടേറെ എം-കോമേഴ്‌സ് സേവനങ്ങൾ ചാറ്റിംഗിലൂടെ ആസ്വദിക്കാം.

മൊബൈൽ റീചാർജ്, ഹോട്ടൽ റൂം/ബസ്ടിക്കറ്റ് റിസർവേഷൻ, വൈദ്യുതി, വെള്ളം, ഡിടിഎച്ച്, ഡേറ്റാകാർഡ്, ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ്, ഗ്യാസ്തുടങ്ങിയ വീട്ടാവശ്യങ്ങൾക്കുള്ള പേമെന്റുകൾ, മൂവീ ബുക്കിംഗ്, ടാക്‌സി ബുക്കിംഗ് തുടങ്ങിയവയുടെ പേമെന്റുകൾ ഈ ചാറ്റ്‌ബോട്ട് സേവനത്തിലൂടെ അടയ്ക്കാം.

ഉദാഹരണത്തിന് ഒരാളുടെമൊബൈലിൽ 100 രൂപ റീചാർജ്‌ചെയ്യണമെങ്കിൽ ‘recharge my mobile number for Rs.100’ എന്ന് ആപ്പിൽ ടൈപ്പ് ചെയ്താൽ മാത്രം മതിയാകും. ചാറ്റ്‌ബോട്ട് സഹായി ഇത് തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായിമൊബൈൽ നമ്പറെടുത്ത്, ഓപ്പറേറ്ററെ തിരിച്ചറിയുകയും ആ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിനായി ഡിസ്‌പ്ലേ ചെയ്യുകയുംചെയ്യും. ഇത് ശരിയാണെന്ന് ഉറപ്പുവരുത്തിയാലുടൻ റീചാർജിംഗും നടത്തും.

ചാറ്റ്‌ബോട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവർക്ക് ഒട്ടേറെ ഓഫറുകൾ നൽകാനും ഫെഡറൽ ബാങ്ക് തയ്യാറെടുക്കുകയാണ്. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമായ ഈ സേവനം വൈകാതെ ഐഫോണുകളിലും ലഭ്യമാകും.