പ്രവാസികൾക്കുള്ള പോർട്ട്‌ഫോളിയോ സേവനങ്ങൾ : ഫെഡറൽ ബാങ്ക് ഹെഡ്ജ് ഇക്വിറ്റീസുമായി ധാരണയിൽ

Posted on: January 14, 2018

കൊച്ചി : പ്രവാസികൾക്ക് പോർട്ട്‌ഫോളിയോ നിക്ഷേപങ്ങൾക്കായി ഫെഡറൽ ബാങ്ക് ഹെഡ്ജ് ഇക്വിറ്റീസുമായി ധാരണയിൽ എത്തി. മറൈൻ ഡ്രൈവിലെ ഫെഡറൽ ടവേഴ്സിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും റീട്ടെയ്ൽ ബിസിനസ് മേധാവിയുമായ ജോസ് കെ മാത്യു, ഹെഡ്ജ് ഇക്വിറ്റിസ് എംഡി അലക്‌സ് ബാബു എന്നിവർ ധാരണാപത്രം ഒപ്പുവെച്ചു.

സെക്കൻഡറി മാർക്കറ്റിൽ ക്രയവിക്രയം നടത്താൻ പ്രവാസികൾക്ക് അനുമതി പത്രം നൽകാൻ ഫെഡറൽ ബാങ്കിനെ ആർ ബി ഐ അധികാരപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഫെഡറൽ ബാങ്കിന് എട്ട് പങ്കാളികളുമായി പോർട്ട്‌ഫോളിയോ നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. ഇന്ത്യൻ കമ്പനികളുടെ ഓഹരിയിൽ ഇത് വഴി നിക്ഷേപം നടത്താനും ഓഹരി വാങ്ങാനും വിൽക്കാനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്.

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്താൻ പ്രവാസികൾക്ക് മികച്ച പോർട്ട്‌ഫോളിയോ സേവനങ്ങൾ ഫെഡറൽ ബാങ്ക് ലഭ്യമാക്കുമെന്ന് ജോസ് കെ മാത്യു പറഞ്ഞു. ഈ മേഖലയിൽ ആകെ ബിസിനസിലും അക്കൗണ്ടുകളുടെ എണ്ണത്തിലും ഇരട്ടിയോളം വർധന വരുത്തി പോർട്ട്‌ഫോളിയോ ബിസിനസ് ഇരട്ടിയാക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.

ഹെഡ്ജ് ക്രമാനുഗതമായി ഒരു വെൽത്ത് മാനേജ്മെൻറ് കമ്പനിയായി ഉടൻ മാറുമെന്ന് അലക്‌സ് ബാബു വ്യക്തമാക്കി. കഴിഞ്ഞ വർഷം എൻ ആർ ഐ ബിസിനസിന്റെ പിന്തുണയോട് കൂടി നൂറുശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞു. ഫെഡറൽ ബാങ്കുമായുള്ള ഈ പങ്കാളിത്തം തങ്ങളുടെ ബിസിനസ് വർധിക്കാൻ കാരണമാകുമെന്ന് അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.