സോഷ്യൽ അഫോഡബിൾ ഹൗസിംഗ് ബോണ്ടുമായി ഇന്ത്യബുൾസ്

Posted on: January 3, 2018

കൊച്ചി : താങ്ങാവുന്ന വിലയിലുള്ള ഭവന മേഖലയ്ക്കു വായ്പ നൽകുന്നതിനായി ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ് (ഐബിഎച്ച് എഫ് എൽ) പുറത്തിറക്കിയ രാജ്യത്തെ ആദ്യത്തെ സോഷ്യൽ അഫോഡബിൾ ഹൗസിംഗ് ബോണ്ട് യെസ് ബാങ്ക് പൂർണമായും വാങ്ങി. ആയിരം കോടി രൂപയുടേതാണ് ബോണ്ട്. അഞ്ചുവർഷക്കാലാവധിയുള്ള ബോണ്ടിന് ക്രിസിൽ ട്രിപ്പിൾ എ റേറ്റിംഗും ഇക്ര ട്രിപ്പിൾ എ റേറ്റിംഗുമുണ്ട്. എൻഎസ്ഇ, ബിഎസ്ഇ എക്‌സ്‌ചേഞ്ചുകളിൽ ബോണ്ട് ലിസ്റ്റ് ചെയ്യും.

സമാഹരിച്ച തുക പ്രധാൻ മന്ത്രി ആവാസ് യോജനയിൽപ്പെടുത്തി താങ്ങാവുന്ന ഭവന മേഖലയ്ക്ക് വായ്പ നൽകുവാനാണ് ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ് ഉദ്ദേശിക്കുന്നത്. വ്യക്തികൾക്കും ഭവനനിർമാണ കമ്പനികൾക്കും ഈ വായ്പ ലഭ്യമായിരിക്കും. കമ്പനിക്ക് 75 കോടി ഡോളറിന്റെ മസാല ബോണ്ട് ഇറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. അതും താങ്ങാവുന്ന ഭവന മേഖലയിൽ ഉപയോഗിക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ഐബിഎച്ച്എഫ് എൽ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗഗൻ ബാംഗ പറഞ്ഞു.