പുതിയ മൊബൈൽ ആപ്പുമായി ടാക്‌സ്മാൻ ഡോട്ട് കോം

Posted on: November 27, 2017

കൊച്ചി : നികുതി, കമ്പനി നിയമങ്ങളുടെ പ്രമുഖ പ്രസാധകരായ ടാക്‌സ്മാൻ ഡോട്ട് കോം പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. നികുതി, കോർപറേറ്റ് നിയമങ്ങൾ സംബന്ധിച്ച ഏറ്റവും വലിയ ഡാറ്റാബേസാണ് ഈ ആപ്ലിക്കേഷനിലുള്ളത്. ഗവേഷണ ആവശ്യങ്ങൾക്കായി എന്തെങ്കിലും തെരയാനുള്ള സെർച്ച് എൻജിനും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷത്തിലധികം റെക്കോഡുകൾ അടങ്ങിയതാണ് ഡാറ്റാബേസ്.

ആപ്ലിക്കേഷനിൽ ഗവേഷകർക്ക് തെരച്ചിലിൽ 100 ൽ അധികം സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ ഒറ്റയടിക്ക് ലഭ്യമാകും. ആദായ നികുതി, ജിഎസ്ടി, കമ്പനി നിയമങ്ങൾ, ഫെമ, അക്കൗണ്ട്‌സ്, ഓഡിറ്റ്, രാജ്യാന്തര നികുതി, തുടങ്ങി നിരവധി വിഷയങ്ങളിൽ വിവരങ്ങൾ ലഭിക്കും. പുതിയ വിവരങ്ങൾ ട്രാക്ക് ചെയ്തു കൊണ്ടിരിക്കുന്നതിനാൽ എല്ലാ കാര്യങ്ങളുടെയും ചെറിയൊരു വിവരണമെങ്കിലുമുണ്ടാകും.

ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുള്ള സെർച്ച് എൻജിൻ, ഗവേഷകർക്ക് നികുതി, കമ്പനി നിയമങ്ങൾ പെട്ടെന്ന് കണ്ടെത്താൻ ഉപകാരപ്രദമായിരിക്കുമെന്നും സെർച്ച് എൻജിനിൽ തന്നെ കൃത്രിമ ഇന്റലിജന്റ്‌സ് ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ആവശ്യക്കാരന് ഉചിതമായ വിവരങ്ങൾ തന്നെ എത്തിക്കുന്നുവെന്നും ടാക്‌സ്മാൻ ഡോട്ട് കോം ഗ്രോത്ത് ആൻഡ് സ്ട്രാറ്റജി മേധാവി അൻഷ് ഭാർഗവ പറഞ്ഞു.

ടാക്‌സ്മാനിൽ ജിഎസ്ടി നിരക്കുകളും നിരക്ക് കണ്ടെത്താനുള്ള വഴിയുമുണ്ട്. ടാക്‌സ് പ്രൊഫഷണലുകൾക്ക് അനായാസം ഗവേഷണാവശ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിന് റീസർച്ച് ബോക്‌സ് യൂട്ടിലിറ്റി എന്ന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അൻഷ് ഭാർഗവ കൂട്ടിചേർത്തു.

പ്രധാന സംഭവങ്ങളെ കുറിച്ച് ഉപയോക്താക്കൾക്ക് അറിയിപ്പുകൾ നൽകുന്ന ഫീച്ചറും ആപ്പിലുണ്ട്. എന്തെങ്കിലും വിവരങ്ങൾ അറിയാതെ പോയാലും അത് നോട്ടിഫിക്കേഷൻ ഹബിൽ നിന്നും ലഭിക്കും. ആൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ടാക്‌സ്മാൻ ഡോട്ട് കോം ലഭ്യമാണ്.

TAGS: Taxmann |