യുടിഐ മാസ്റ്റർഷെയർ 30 വർഷം പിന്നിട്ടു

Posted on: October 12, 2017

കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ ഇക്വിറ്റിയധിഷ്ഠിത മ്യൂച്വൽ ഫണ്ട് പദ്ധതിയായ യുടിഐ മാസ്റ്റർഷെയർ സമ്പത്ത് 30 വർഷം പൂർത്തിയാക്കി. 1986 ഒക്‌ടോബറിലായിരുന്നു ഫണ്ട് നിക്ഷേപകർക്കു മുമ്പിൽ അവതരിപ്പിച്ചത്. മുപ്പത്തിയൊന്നു വർഷക്കാലത്തെ പ്രവർത്തനത്തിനിടയിൽ, വിപണിയിലെ ഉയർച്ചയിലും താഴ്ചയിലും, മുടങ്ങാതെ ലാഭവീതം നൽകിവന്ന ഫണ്ടാണിത്. ഇടിവിന്റെ കാലമായിരുന്ന 2000-2004 കാലയളവിൽ പല ഫണ്ടുകളും ലാഭവീതം ഒഴിവാക്കിയപ്പോഴും യുടിഐ മാസ്റ്റർഷെയർ ലാഭവീതം നൽകി.

ഓഹരികൾ, ഓഹരിയധിഷ്ഠിത ഉത്പന്നങ്ങൾ, ഓഹരിയാക്കി മാറ്റുന്ന ബോണ്ടുകൾ, കടപ്പത്രങ്ങൾ തുടങ്ങിയവയിൽ നിക്ഷേപം നടത്തി ദീർഘകാലത്തിൽ മൂലധന വളർച്ചയും വരുമാന വിതരണവും ലക്ഷ്യമിടുന്ന പദ്ധതിയാണ് യുടിഐ മാസ്റ്റർഷെയർ. ഫണ്ട് മുഖ്യമായും ലാർജ് കാപ് ഓഹരികളിലാണ് നിക്ഷേപം കേന്ദ്രീകരിച്ചിട്ടുള്ളത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി, ഇൻഡസ് ഇൻഡ് ബാങ്ക്, ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, ബിപിസിഎൽ, എൽ ആൻഡ് ടി തുടങ്ങിയവയിലാണ് ഫണ്ടിന്റെ നിക്ഷേപത്തിന്റെ മുഖ്യഭാഗം. ഇവ നിക്ഷേപശേഖരത്തിന്റെ 46 ശതമാനത്തോളം വരും. നിക്ഷേപം ഏതു മേഖലയിൽ, ഏത് ഓഹരികളിൽ, എത്ര ഓഹരികളിൽ എന്നതിലൊക്കെ മികച്ച അച്ചടക്കം പാലിക്കുന്ന ഫണ്ടുകൂടിയാണ് യുടിഐ മാസ്റ്റർഷെയർ.

കുറഞ്ഞ വ്യതിയാനത്തോടെ സ്ഥിരതയുള്ള പ്രകടനം കാഴ്ച വയ്ക്കുന്ന ഫണ്ടാണിത്. അതായത് പദ്ധതി തുടങ്ങിയപ്പോൾ ഈ ഫണ്ടിൽ നിക്ഷേപിച്ച 10,000 രൂപ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-ന് 7,33,898 രൂപയായി വളർന്നിരിക്കുന്നു. ബഞ്ച്മാർക്കായ എസ്ആൻഡ്പി ബിഎസ്ഇ 100 ഈ കാലയളവിൽ നൽകിയ റിട്ടേൺ 5,60,545 രൂപയാണ്. മുപ്പത്തിയൊന്നു വർഷംകൊണ്ട് നിക്ഷേപം 73 ഇരട്ടിയായി വർധിപ്പിച്ചിരിക്കുന്നു. യുടിഐ മാസ്റ്റർഷെയർ വളരെ വൈവിധ്യവത്കരിച്ച നിക്ഷേപശേഖരമാണ് കൈവശം വച്ചിട്ടുള്ളത്. ഇത് സ്ഥിരതയുള്ള റിട്ടേൺ നേടുവാനും വിപണിയുടെ വിവിധ ഘട്ടങ്ങളെ ഫലപ്രദമായി തരണം ചെയ്യാനും ഫണ്ടിനെ സഹായിക്കുന്നുവെന്ന് യുടിഐ എഎംസി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഫണ്ട് മാനേജരുമായ സ്വാതി കുൽക്കർണി പറഞ്ഞു.