നിക്ഷേപത്തിന് പരിഗണിക്കാം യുടിഐ ബ്ലൂചിപ് ഫ്‌ളെക്‌സികാപ് ഫണ്ട്

Posted on: December 20, 2016

വിവിധ വിപണി മൂല്യമുള്ള മികച്ച ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി ഫണ്ടാണ് യുടിഐ ബ്ലൂചിപ് ഫ്‌ളെക്‌സികാപ് ഫണ്ട്. മികച്ച ബ്ലൂചിപ് കമ്പനികളുടെ ഓഹരികളിൽ ഉടമയാകുവാൻ നിക്ഷേപകർക്ക് അവസരമൊരുക്കുന്ന ഫണ്ട് തുടർച്ചയായി ശരാശരിയേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചുപോരുന്നു.

നിക്ഷേപത്തിനു ഓഹരികളും മേഖലകളും തെരഞ്ഞെടുക്കുന്നതിനു ഫണ്ട് മികച്ച നിക്ഷേപതന്ത്രമൊരുക്കിയിട്ടുണ്ട്. ഉയർന്ന ലാഭക്ഷമതാ സാധ്യത, ഗുണമേയുള്ള വരുമാനം, മൂലധന ഉപയോഗ കാര്യക്ഷമത, റിട്ടേൺ ഓൺ ഇക്വിറ്റി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഫണ്ട് നിക്ഷേപതന്ത്രം രൂപപ്പെടുത്തിയിട്ടുള്ളത്.

ഫണ്ടിന്റെ നിക്ഷേപ ശേഖരത്തിൽ കുറഞ്ഞത് 55 ശതമാനത്തോളം ലാർജ് കാപ് വിഭാഗത്തിൽനിന്നുള്ളവയാണ്. മിഡ്കാപ്, സ്‌മോൾ കാപ് വിഭാഗത്തിൽനിന്നു 20-40 ശതമാനം വരെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നു. ഓഹരിശേഖരത്തിൽ ഒരൂ കരുതൽ നിക്ഷേപം എപ്പോഴും ഫണ്ടു സൂക്ഷിച്ചുപോരുന്നു. യുടിഐ ലീഡർഷിപ് ഇക്വിറ്റി ഫണ്ട് എന്നറിയപ്പെട്ടിരുന്ന ഈ ഫണ്ടിന്റെ പേര് യുടിഐ ബ്ലൂചിപ് ഫ്‌ളെക്‌സികാപ് ഫണ്ട് എന്നാക്കി മാറ്റിയത് 2015 ഡിസംബർ 1 നാണ്. പുതിയ നിക്ഷേപതന്ത്രവും അന്നു മുതലാണ് നടപ്പിൽ വന്നത്.

2016 സെപ്റ്റംബർ 30 അനുസരിച്ച് ഫണ്ടിന്റെ നിക്ഷേപശേഖരത്തിൽ ധനകാര്യ സേവനം, ഐടി, കൺസ്യൂമർ ഗുഡ്‌സ്, ഫാർമ എന്നീ മേഖലകൾക്കാണ് മുൻതൂക്കം. എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ഇൻഫോസിസ്, ടിസിഎസ്, ശ്രീ സിമന്റ്, ഐടിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബ്ലൂചിപ് ഓഹരികൾ ഫണ്ടിന്റെ മുൻനിര നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു.

Disclaimer  മ്യൂച്വൽഫണ്ട് നിക്ഷേപം സംബന്ധിച്ച എല്ലാ തീരുമാനങ്ങളും വായനക്കാരൻ (നിക്ഷേപകൻ) സ്വന്തം നിലയ്ക്ക് കൈക്കൊള്ളേണ്ടതാണ്. പിന്നീടുണ്ടാകുന്ന ലാഭ-നഷ്ടങ്ങൾക്ക് ബിസിനസ്ഓൺലൈവ്‌ഡോട്ട്‌കോം മാനേജ്‌മെന്റ് ഉത്തരവാദികളായിരിക്കുന്നതല്ല.