സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ കാർ വായ്പയുമായി ഫെഡറൽ ബാങ്ക്

Posted on: July 31, 2014

Federal-Bank_logo

സ്ത്രീകൾക്കു കാർ വാങ്ങാൻ ഉദാര വ്യവസ്ഥകളോടെ ഫെഡറൽ ബാങ്കിന്റെ വായ്പ പദ്ധതി. സ്ത്രീ ശാക്തീകരണത്തിനു നൽകിവരുന്ന പിന്തുണയുടെ ഭാഗമായാണ് ‘ഷീ കാർ’ എന്ന പ്രത്യേക വായ്പാ പദ്ധതി ഫെഡറൽ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം 36 മാസ തവണകളിലായി തിരിച്ചടയ്ക്കുന്ന വായ്പയ്ക്ക് 10.50 ശതമാനം മാത്രമാണ് പലിശ നിരക്ക്. 36-48 മാസത്തിന്റെ നിരക്ക് 10.75 ശതമാനം. 48 മാസത്തിലേറെയായാൽ 11 ശതമാനമാകും നിരക്ക്. ഇരു ചക്ര വാഹനങ്ങൾ വാങ്ങാനും 11 ശതമാനം നിരക്കിൽ സ്ത്രീകൾക്ക് വായ്പ അനുവദിക്കും.

സ്ത്രീകൾക്കായി ബാങ്ക് ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്ന പ്രത്യേക വായ്പാ പദ്ധതികളിൽ ഏറ്റവും പുതിയതാണ് ‘ഷീ കാർ’ എന്ന് ജനറൽ മാനേജരും റീട്ടെയ്ൽ ബിസിനസ് മേധാവിയുമായ എ സുരേന്ദ്രൻ പറഞ്ഞു.

സ്ത്രീകൾക്ക് മാത്രമായുള്ള ഫെഡറൽ ബാങ്കിന്റെ ‘മഹിളാ മിത്ര’ സേവിംഗ്‌സ് അക്കൗണ്ടുമായി ചേർന്നാണ് ‘ഷീ കാർ’ വായ്പ അനുവദിക്കുന്നത്. 5 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസും ഡെബിറ്റ് കാർഡ് ഉപയോഗത്തിന്മേൽ കാഷ് ബാക്ക് വാഗ്ദാനവും ഉൾപ്പെടുന്നതാണ് മഹിളാ മിത്ര സേവിംഗ്‌സ് അക്കൗണ്ട്. ഈ അക്കൗണ്ടുള്ളവർക്ക് മക്കളുടെ പേരിൽ സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനും കഴിയും.

സ്ത്രീകൾക്ക് ചുരുങ്ങിയ പലിശ നിരക്കിൽ സ്വർണ്ണ പണയ വായ്പ നൽകുന്ന ‘ദിവാ ഗോൾഡും’ വിദ്യാർത്ഥിനികൾക്ക് കാൽ ശതമാനം പലിശയിളവനുവദിക്കുന്ന വിദ്യാഭ്യാസ വായ്പയുമാണ് ഈ ഗണത്തിലുള്ള മറ്റു രണ്ട് പദ്ധതികൾ. സ്ത്രീ ശാക്തീകരണ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷകരിച്ച ‘ഷീ ടാക്‌സി’ യുമായി ബാങ്ക് സജീവമായി സഹകരിക്കുന്നുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.