സ്വർണം വെള്ളി വിലകൾ സമ്മർദത്തിൽ

Posted on: July 30, 2014

CP-Krishanan-medium

കഴിഞ്ഞ വർഷത്തെ കനത്ത തകർച്ചയ്ക്കു ശേഷം സ്വർണവും വെള്ളിയും ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ നില മെച്ചപ്പെടുത്തുന്നതാണു കണ്ടത്. ആഗോള തലത്തിലെ രാഷ്ട്രീയ പ്രതിസസന്ധികളും സെൻട്രൽ ബാങ്കുകളുടെ വാങ്ങലുകളുമാണ് മഞ്ഞലോഹത്തിനു തുണയായത്. അതേ സമയം അമേരിക്കൻ സമ്പദ്ഘടനയുടെ വളർച്ചയെ കുറിച്ചുള്ള പ്രതീക്ഷകളും മുഖ്യ ഉപഭോക്താക്കളായ ഇന്ത്യയുടേയും ചൈനയുടേയും കുറഞ്ഞ തോതിലുള്ള വാങ്ങലുകളും പ്രതീക്ഷ കെടുത്തുന്നുമുണ്ട്.

നിലവിൽ അമേരിക്കൻ സെൻട്രൽ ബാങ്ക് തങ്ങളുടെ ബുള്ളിയൻ ഫ്രണ്ട്‌ലി ബോണ്ട് കൂടുതൽ ലളിതമാക്കാനുള്ള ശ്രമത്തിലാണ്. പലിശ നിരക്കുമായി ബന്ധപ്പെട്ട ആശങ്കകളും ഓഹരി മേഖലയുടെ കുതിപ്പും സ്ഥിരതയാർജ്ജിക്കുന്ന ഡോളറുമെല്ലാം നിക്ഷേപകരുടെ താത്പ്പര്യം മറ്റു മേഖലകളിലേക്കു തിരിച്ചു വിടാൻ പര്യാപ്തമാണ്.

സമീപ ഭാവിയിൽ അന്താരാഷ്ട്ര വിപണിയിലെ സ്വർണവില ചാഞ്ചാടിക്കൊണ്ടിരിക്കാനും വീണ്ടും താഴേക്കു പോകാനുമാണു സാധ്യത. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ വില ഉയരുന്ന പ്രവണതയുണ്ടായേക്കുമെന്ന് ജിയോജിത് കോംട്രേഡ് മുഴുവൻസമയ ഡയറക്ടർ സി.പി. കൃഷ്ണൻ പറഞ്ഞു.

ആഭ്യന്തര വിപണിയിൽ വർഷാരംഭം മുതൽ തന്നെ സ്വർണവും വെള്ളിയും പ്രതികൂല ദിശയിലായിരുന്നു നീങ്ങിയത്. ശക്തമായ രൂപയും ഉയരുന്ന ഓഹരി വിപണിയും ഉയർന്ന തീരുവകളും ഇറക്കുമതി നിയന്ത്രണങ്ങളും എല്ലാം ഇവിടെ സ്വാധീനം ചെലുത്തി. ഉയർന്ന നിരക്കുകളും തീരുവകളും കുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളുടെ സമ്മർദ്ദത്തിലായിരിക്കും സമീപ ഭാവിയിൽ സ്വർണ, വെള്ളി വിലകളെന്ന് സി.പി. കൃഷ്ണൻ കൂട്ടിച്ചേർത്തു.

എം.സി.എക്‌സിലെ സ്വർണ അവധികൾ 24,000-26,500 രൂപ എന്ന ഇടുങ്ങിയ പരിധിക്കുള്ളിലായിരിക്കും നീങ്ങുക. അതേ സമയം വെള്ളി വില 39,000 രൂപയെന്ന നിലയിലേക്കു താഴ്ന്ന് ഇടുങ്ങിയ ഒരു പരിധിയിൽ സ്ഥിരമായേക്കുമെന്നും സി.പി. കൃഷ്ണൻ അഭിപ്രായപ്പെട്ടു.