പെനാൽറ്റിരഹിത നിക്ഷേപങ്ങളോട് താത്പര്യമേറുന്നു

Posted on: July 30, 2014

INGFD_Plus-s

ഓഹരി വിപണിയും സെൻസെക്‌സും നിരന്തര ചർച്ചാവിഷയങ്ങളായി നിറഞ്ഞുനിൽക്കുമ്പോഴും ജനങ്ങൾ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗ്ഗം കണ്ടെത്തുന്നത് ബാങ്കുകളിൽത്തന്നെ; ഫിക്‌സഡ് ഡിപ്പോസിറ്റ് പദ്ധതികളുടെ ജനപ്രിയത കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്നു.

പെനാൽറ്റി ഇല്ലാതെ തുക പിൻവലിക്കാവുന്ന സ്ഥിര നിക്ഷേപ പദ്ധതികളോട് വലിയ താത്പര്യമുണർന്നിട്ടുള്ളതായി ഐഎൻജി വൈശ്യ ബാങ്ക് വിലയിരുത്തുന്നു. ഇത്തരത്തിലുള്ള സ്ഥിര നിക്ഷേപ പദ്ധതിയായ ഐഎൻജി എഫ് ഡി പ്ലസിനെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. വയോജനങ്ങളെ അപേക്ഷിച്ച് യുവാക്കൾ ഈ പദ്ധതിയോട് വളരെ ഉയർന്ന ആഭിമുഖ്യം കാട്ടുന്നതായും ബാങ്ക് കണ്ടെത്തി. ഐഎൻജി എഫ് ഡി പ്ലസിൽ കഴിഞ്ഞ വർഷം നിക്ഷേപകരായവരിൽ 93 ശതമാനവും ചെറുപ്പക്കാരാണ്. സ്ത്രീകൾക്കും പെനാൽറ്റി രഹിത സ്ഥിര നിക്ഷേപ പദ്ധതിയോടു താത്പര്യം ഏറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം വനിതാ നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വർധനയുടെ തോത് 400 ശതമാനമാണ്.

സ്ഥിര നിക്ഷേപങ്ങളിൽനിന്നു പണം പിൻവലിക്കുമ്പോൾ പിഴ നൽകണമെന്ന നിബന്ധനയോട് ജനങ്ങൾക്കു വൻ പ്രതിഷേധമുള്ളതായി വ്യാപക സർവേയുടെ അടിസ്ഥാനത്തിൽ വ്യക്തമായിരുന്നുവെന്ന് ഐഎൻജി വൈശ്യ ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ് വിഭാഗം മേധാവി ബ്രെറ്റ് മോർഗൻ പറഞ്ഞു. ഇതേത്തുടർന്നാണ് ഐഎൻജി എഫ് ഡി + (എഫ് ഡി പ്ലസ്) എന്ന പെനാൽറ്റി രഹിത സ്ഥിര നിക്ഷേപ പദ്ധതിക്ക് 2012 ൽ രൂപം നൽകിയത്. ഇക്കഴിഞ്ഞ മാർച്ച് വരെ 300 ശതമാനമാണ് ഈ പദ്ധതിയുടെ വളർച്ചാ നിരക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.