ഐസിഐസിഐ ബാങ്കിൽ മണി 2 വേൾഡ് ഓൺലൈൻ റെമിറ്റൻസ്

Posted on: October 14, 2015

ICICI-Bank-Money2World-Big

കൊച്ചി : ഇന്ത്യയിൽനിന്നു വിദേശത്തേക്കു പ്രയാസം കൂടാതെ, സുരക്ഷിതമായി പണം അയയ്ക്കാൻ ഐസിഐസിഐ ബാങ്ക് മണി 2 വേൾഡ് എന്ന പേരിൽ ഓൺലൈൻ റെമിറ്റൻസ് സേവനം തുടങ്ങി. ഐസിഐസിഐ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും അവരുടെ ഏതു ബാങ്കിലെ അക്കൗണ്ടിൽനിന്നും വിദേശത്തെ ബാങ്ക് അക്കൗണ്ടിലേക്കു ഈ സംവിധാനം വഴി പണം അയയ്ക്കാനും സാധിക്കും. പതിനാറ് വിദേശ നാണ്യങ്ങളിൽ തുക അയയ്ക്കാം.

ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനം ഏതെങ്കിലും ബാങ്ക് ആരംഭിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഈ സേവനം ഉപയോഗിക്കുന്നതിന് ഇടപാടുകാരൻ മണി 2 വേൾഡ് ഡോട് കോമിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. ഇതോടൊപ്പം കെവൈസി ഡോക്കുമെന്റുകളും അപ്‌ലോഡ് ചെയ്യണം.

ഒരിക്കൽ രജിസ്‌ട്രേഷൻ നടത്തിയാൽ പണം അയയ്ക്കാൻ സാധിക്കും. എക്‌സ്‌ചേഞ്ച് നിരക്ക് ഇടപാടുകാരനു നിശ്ചയിക്കാം. വിഭ്യാഭ്യാസത്തിനുള്ള ഫീസ്, വിദേശത്തു താമസിക്കുന്നവർക്കു ചെലവിനുള്ള പണം, ചികിത്സയ്ക്കുള്ള ചെലവ്, എമിഗ്രേഷൻ വിസ ഫീസ് തുടങ്ങിയവയൊക്കെ ഇതുവഴി നല്കുവാൻ സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് പ്രസിഡന്റ് വിജയ് ചന്ദോക് പറഞ്ഞു. വെറും നാല് സ്റ്റെപ്പുകൾ വഴി മണി 2 വേൾഡിൽ രജിസ്റ്റർ ചെയ്ത് ഇടപാടു നടത്താമെന്നും ചന്ദോക് പറഞ്ഞു.

മണി 2 വേൾഡിൽ ലോഗിൻ ചെയ്ത് ഫോം പൂരിപ്പിച്ച്, പാൻ, ആധാർ കാർഡ് എന്നിവ അപ്‌ലോഡ് ചെയ്യുക. ഒരു ദിവസം കൊണ്ട് ബാങ്ക് രേഖകൾ പരിശോധിക്കും. അടുത്തത് പണം അയയ്ക്കുന്ന ആൾ, പണം ലഭിക്കേണ്ട ആൾ എന്നിവരുടെ ബാങ്ക് അക്കൗണ്ട് നമ്പരുകൾ നല്കുക. ഏതു നിരക്കിൽ, ഏതു കറൻസി എന്നതു നിശ്ചയിച്ച് പണം അയ്ക്കാനുളള ക്രമീകരണമാണ് അടുത്ത നടപടി. ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു ഐസിഐസിഐ ബാങ്കിന്റെ അക്കൗണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്യുന്നു. അവിടെ നിന്നു തുക ലഭിക്കേണ്ടയാളുടെ അക്കൗണ്ടിലേക്കു പണം കൈമാറും.