നിക്ഷേപത്തിന് സ്വർണബോണ്ടുകൾ

Posted on: June 28, 2015

Gold-Bonds-big

സ്വർണത്തിനു തുല്യമായ മൂല്യവും, സുരക്ഷിതത്വവും സ്ഥിര പലിശയും നേടാനുള്ള പദ്ധതിയാണ് സോവറിൻ ബോണ്ട് സ്‌കീം. സ്വർണത്തിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് ആ നിക്ഷേപം ഗോൾഡ് ബോണ്ടുകളിലാക്കിയാൽ ഒരു നിശ്ചിത ശതമാനം പലിശ ലഭിക്കുകയും, ബോണ്ട് കാലാവധിയാവുമ്പോൾ, സ്വർണത്തിന്റെ വിപണി വില തന്നെ ലഭ്യമാവുകയും ചെയ്യും. ഡീമാറ്റ് രൂപത്തിലായിരിക്കും നിക്ഷേപം.

കേന്ദ്ര ഗവൺമെന്റിനുവേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ടുകൾ പുറത്തിറക്കുന്നത്, ഇന്ത്യയിൽ സ്ഥിരതാമസക്കാർക്കുമാത്രമേ ഈ പദ്ധതിയിൽ ചേരാൻ കഴിയൂ. ഒരു വ്യക്തിക്ക് ഒരു വർഷം വാങ്ങിക്കാവുന്ന ബോണ്ടുകളുടെ പരിധി 500 ഗ്രാമായും നിജപ്പെടുത്തിയിട്ടുണ്ട്.

ബോണ്ടുകൾക്ക് ഗവൺമെന്റ് ഒരു നിശ്ചിത ശതമാനം പലിയ നൽകും. ഈ പലിശ സ്വർണമായിത്തന്നെയാണ് കണക്കാക്കുന്നത്. ബോണ്ടിന്റെ കാലവധിയിൽ സ്വർണ അളവിന് തുല്യമായ വിപണിവില നിക്ഷേപകന് ലഭ്യമാവും. പലിശ ചുരുങ്ങിയത് 2 ശതമാനത്തോളമുണ്ടാവുമെന്ന് വിപണി പ്രതീക്ഷിക്കുന്നതായി ജിയോഫിൻകോംട്രേഡ്, സിനിയർ അനലിസ്റ്റ് വി. ഹരീഷ് പറഞ്ഞു.

2 ഗ്രാം, 5 ഗ്രാം, 10 ഗ്രാം തുടങ്ങിയ അളവുകളിലുള്ള ബോണ്ടുകൾ ലഭ്യമാക്കാനും, മിനിമം നിക്ഷേപ കാലാവധി 5 മുതൽ 7 വർഷം വരെയായി നിജപ്പെടുത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ബോണ്ടുകൾ സ്വർണത്തെപ്പോലെ തന്നെ പണയം വയ്ക്കാവുന്നതും, കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളിലൂടെ എളുപ്പത്തിൽ വ്യാപാരം നടത്താനും സാധിക്കും. ഇത്തരം നിക്ഷേപത്തിലെ ആദായത്തിന് നികുതി ബാധകമാണ്.

ഇത്തരം ബോണ്ടുകൾ പോസ്‌റ്റോഫീസുകളിലൂടെയും അതുപോലെ ഏജന്റ്, ബ്രോക്കർ എന്നിവരിലൂടെയും വാങ്ങാൻ സാധിക്കും. 2015-16 വർഷത്തിൽ 50 ടൺ സ്വർണം, അതായത് 13500 കോടിയോളം രൂപയുടെ സ്വർണബോണ്ടുകൾ പുറത്തിറക്കാനാണ് ഗവൺമെന്റിന്റെ ലക്ഷ്യം.

വി. ഹരീഷ്, സീനിയർ അനലിസ്റ്റ്, ജിയോഫിൻകോംട്രേഡ്, കൊച്ചി

DISCLAIMER : നിക്ഷേപം സംബന്ധിച്ച എല്ലാ തീരുമാനങ്ങളും നിക്ഷേപകന്റേതു മാത്രമാണ്. പിന്നീടുണ്ടാകുന്ന ലാഭ-നഷ്ടങ്ങളിൽ ബിസിനസ്ഓൺലൈവ് ഡോട്ട്‌കോം മാനേജ്‌മെന്റോ ജിയോഫിൻ കോംട്രേഡോ ഉത്തരവാദിയായിരിക്കുന്നതല്ല.