നന്മയുടെ സിദ്ധീഖ് സ്റ്റൈൽ

Posted on: December 29, 2014

Siddque-with-Amir-Big

ചുരുങ്ങിയ സമയത്തിനുളളിൽ എല്ലാം വെട്ടിപ്പിടിക്കാൻ നെട്ടോട്ടമോടുന്നവരാണ് പ്രവാസികൾ. ജോലിയും ബിസിനസുമായി സഹജീവികളെ മറന്ന് തന്നിലേക്കു തന്നെ ചുരുങ്ങുന്നവരുടെ കൂട്ടം. ജീവിതത്തിന്റെ കനൽവഴികളിൽ തളർന്നുപോകുന്നവർക്ക് സഹായഹസ്തം നീട്ടാൻ അധികം പേരുണ്ടാവാറില്ല.

പ്രവാസിയായിരിക്കുമ്പോഴും ചുറ്റുമുള്ളവർക്ക് തന്നാലാവുംവിധം സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും തണലേകാൻ ദൈവം തെരഞ്ഞെടുത്ത മനുഷ്യനാണ് സിദ്ധീഖ് വലിയകത്ത്. കുവൈറ്റിലെ പ്രവാസികൾക്കിടയിൽ ഈ വടകരക്കാരന് മുഖവുര വേണ്ട. കാരണം ഈ മനുഷ്യൻ കുവൈറ്റിലെ കേരളത്തിന്റെ അനൗദ്യോഗിക അംബാസഡറാണ്.

കോഴിക്കോട് വടകര വലിയകത്ത് പരേതനായ ഫക്രുദ്ദീന്റെയും പാത്തൂട്ടിയുടെ യും മകനായ സിദ്ധീഖ് 1981 ലാണ് കുവൈറ്റിൽ എത്തുന്നത്. ഇക്വേറ്റിൽ ജോലി നേടിയപ്പോഴും മനസിലെ നന്മ കൈവിട്ടില്ല. തന്നെപ്പോലെ നാടും വീടും വിട്ട് കുവൈറ്റിൽ എത്തിയ അനേകം പ്രവാസികൾക്ക് രക്ഷകനാകാനായിരുന്നു നിയോഗം. വ്യാജ വിസ സമ്പാദിച്ച് കബളിപ്പിക്കപ്പെട്ടവർക്കും സ്‌പോൺസറുടെ പീഡനത്തിന് ഇരയായവർക്കും ഇരുമ്പഴിക്കുള്ളിൽ അകപ്പെട്ടവർക്കും ശരിക്കും ദൈവദൂതൻ.

സേവന വഴിയിൽ താൻ കണ്ടുമുട്ടിയ അനേകം ജീവിതങ്ങളിലൊന്നിനെക്കുറിച്ച് സിദ്ധീഖ് ഓർമ്മിച്ചു – നാട്ടുകാരനായ ഒരാളുടെ മോചനവുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിയാക്കാൻ ജയിൽ സന്ദർശിക്കുകയായിരുന്നു. തന്റെ കൂടി മോചനത്തിനായി ഇടപെടണമെന്ന അപേക്ഷയുമായി മറ്റൊരു മലയാളി യുവാവ് ഇദ്ദേഹത്തെ സമീപിച്ചു. എന്തിനാണ് പിടിക്കപ്പെട്ടതെന്ന് തിരക്കിയപ്പോൾ, അറിയില്ലെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചത്. ജയിൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ മറുപടി ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. സർക്കാരിലേക്ക് അടയ്‌ക്കേണ്ട നിസാരമായ ഒരു തുക കുടിശിക വരുത്തിയതിന്റെ പേരിലായിരുന്നു തടവ്.

Siddique-new-Big

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുവൈറ്റിലെ ജയിലുകളിൽ ഇത്തരത്തിൽ അനേകം മലയാളികൾ കുടുങ്ങികിടപ്പുണ്ടെന്ന് ഇദ്ദേഹം കണ്ടെത്തി. സ്വന്തം നിലയ്ക്കും ഇന്ത്യൻ എംബസിയുമായി ചേർന്നും പിഴയടച്ച് സിദ്ധീഖ് അനേകരെ ജയിലിൽ നിന്നു പുറത്തുകൊണ്ടുവന്നു. വീടുവിറ്റും കെട്ടുതാലി പണയപ്പെടുത്തിയും കടംവാങ്ങിയുമായിരിക്കും ഇവരിൽ പലരും വിസ സമ്പാദിച്ച് കുവൈറ്റിൽ എത്തുന്നത്. ഒടുവിൽ ഒന്നുമില്ലാതെ നാട്ടിലേക്കു മടങ്ങേണ്ടിവരുമായിരുന്ന അനേകർക്ക് തന്റെ പരിചയത്തിലുള്ള സ്ഥലങ്ങളിൽ ജോലി നേടിക്കൊടുക്കാൻ ഈ വലിയ മനുഷ്യന് കഴിഞ്ഞു.

പത്രപ്രവർത്തകൻ എന്ന നിലയിൽ കുവൈറ്റിൽ ഇദ്ദേഹത്തിനുള്ള സ്വാധീനവും ബന്ധങ്ങളും അനേകരുടെ മോചനത്തിന് വഴിതെളിയിച്ചിട്ടുണ്ട്. ദീപികഡോട്ട്‌കോമിന്റെ ലേഖകൻ എന്ന നിലയിലാണ് പത്രപ്രവർത്തനരംഗത്ത് സജീവമാകുന്നത്. പിന്നീട് 2007 വരെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രതിനിധിയുമായി. 2002 ൽ അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യസേന ഇറാക്കിനെ ആക്രമിച്ചപ്പോഴും സത്യസന്ധമായ റിപ്പോർട്ടുകളിലൂടെ ഈ പത്രപ്രവർത്തകൻ അനേകം കുടുംബങ്ങളുടെ ആശങ്കയകറ്റി.

കുവൈറ്റ് അമീർ ഷെയ്ഖ് ജാബർ അന്തരിച്ചപ്പോൾ സിദ്ധീഖ് നൽകിയ റിപ്പോർട്ടുകൾ ശ്രദ്ധേയമായി. അന്ന് രാജകൊട്ടാരത്തിനുള്ളിൽ നിന്ന് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിച്ച ഏക പത്രപ്രവർത്തകനാണ് ഈ മലയാളി. കുവൈറ്റ് സർക്കാരിന്റെ അക്രഡിറ്റേഷനുള്ള ആദ്യ ഇന്ത്യൻ പത്രപ്രവർത്തകനാണെന്ന് എന്നുകൂടി അറിയുക.

കുവൈറ്റ് സർക്കാരിന്റെ അംഗീകാരങ്ങൾ ഇന്ത്യൻ സമൂഹത്തിന്, വിശേഷിച്ച് മലയാളികൾക്ക് പ്രയോജനപ്പെടുത്താൻ ഇദ്ദേഹം ഒരിക്കലും മടികാട്ടാറില്ല. കുവൈറ്റിലെയും ഇന്ത്യയിലെയും രാഷ്ട്രീയനേതാക്കൾ, മതനേതാക്കൾ, കലാകാരൻമാർ തുടങ്ങി വിപുലമായ സുഹൃദ് വലയമാണ് ഇദ്ദേഹത്തിനുള്ളത്. 1998 ൽ സോണിയ ഗാന്ധി കുവൈറ്റ് സന്ദർശിച്ചപ്പോൾ ആതിഥ്യമൊരുക്കിയതും മറ്റൊരുമല്ല.

Siddque-with-Sonia-Gandi-Bi

എംബിഎ ബിരുദധാരിയായ സിദ്ധീഖ് വലിയകത്ത് ഇപ്പോൾ ഇക്വേറ്റ് പെട്രോകെമിക്കൽ കമ്പനിയുടെ പേഴ്‌സണൽ അഡ്മിനിസ്‌ട്രേറ്ററാണ്. കുവൈറ്റ് സർക്കാരിന്റെയും ഡവ് കെമിക്കൽസിന്റെയും സംയുക്തസംരംഭമാണ് ഇക്വേറ്റ് പെട്രോകെമിക്കൽസ്.

കേരള മുസ്ലീം കൾച്ചറൽ സെന്ററിന്റെ (കെഎംസിസി) പ്രവർത്തനം കുവൈറ്റിൽ സജീവമാക്കിയവരുടെ മുൻനിരയിൽ ഈ വടകരക്കാരനുണ്ടായിരുന്നു. 16 ഇന്ത്യൻ സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് (ഫിമ) പ്രസിഡന്റ്, കുവൈറ്റ് സിവിൽ ഡിഫൻസ് കമ്മിറ്റി അംഗം, കുവൈറ്റ് എംഇഎസിന്റെ സ്ഥാപക ജനറൽസെക്രട്ടറി തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വനിരയിൽ സിദ്ധീഖ് ഉണ്ട്.

കുവൈറ്റ് എംഇഎസ് കഴിഞ്ഞ 11 വർഷമായി സൗജന്യ മെഡിക്കൽ ക്യാമ്പുകളും റിലീഫ് പ്രവർത്തനങ്ങളും നടത്തിവരുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് വലിയൊരു സഹായമാണ് മെഡിക്കൽ ക്യാമ്പുകൾ. ക്യാമ്പിൽ ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, ഇസിജി തുടങ്ങിയ ക്ലിനിക്കൽ പരിശോധനകളും സ്‌കാനിംഗും മരുന്നുകളും തികച്ചും സൗജന്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റിലെ സബാ സൽ സാലെ ഏരിയയിലെ അറബിക് ഹോട്ടലിലൂടെ ബിസിനസ് രംഗത്തും ഇദ്ദേഹമുണ്ട്. സമാനചിന്താഗതിക്കാരുമായി ചേർന്ന് ഫർഫാനിയയിൽ ഒരു ജനകീയ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. എല്ലാ വിഭാഗത്തിലും വിദഗ്ധരായ ഡോക്ടർമാർ ഇവിടെയുണ്ടാകും. 2015 ഏപ്രിൽ-മെയ് കാലത്ത് മെഡിക്കൽ സെന്റർ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.

സഹായം അഭ്യർത്ഥിക്കുന്നവർക്കു പുറം തിരിഞ്ഞു നിൽക്കാത്ത ഈ മനുഷ്യസ്‌നേഹിയെപ്പറ്റി പറയുമ്പോൾ, അദ്ദേഹത്തിന് പ്രചോദനമായ രണ്ടു വ്യക്തികളെ കൂടി പരിചയപ്പെടുത്തേണ്ടതുണ്ട്. സിദ്ധീഖ് വലിയകത്തിന്റെ പ്രിയപ്പെട്ട ഉമ്മയും ഭാര്യയും. പിച്ചവച്ച നാൾ മുതൽ നന്മയുടെ നേർവഴികാണിച്ചുതരുന്ന ഉമ്മയും ജീവിതത്തിന്റെ ഉയർച്ച-താഴ്ചകളിൽ താങ്ങും തണലുമായ ഭാര്യയുമാണ് അവർ. തന്റെ എല്ലാ നേട്ടങ്ങളും സിദ്ധീഖ് പരമകാരുണികനായ ദൈവത്തിന് സമർപ്പിക്കുന്നു.

Siddeeque-Family-Bigഅഞ്ചു മക്കളാണ് സിദ്ധീഖ് – ജമീല ദമ്പതികൾക്കുള്ളത്. ജസീന, ജാസിറ, ജാസ്മിൻ, യുകെയിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ മകൻ ജാസിം (ഏണസ്റ്റ് & യംഗ് കുവൈറ്റ്), നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിനിയായ ജംഷീറ എന്നിവരാണ് മക്കൾ. മക്കളും മരുമക്കളും കൊച്ചുമക്കളും അടങ്ങുന്ന ഇദ്ദേഹത്തിന്റെ കൂട്ടുകുടുംബം കുവൈറ്റിലെ സബാ സൽ സാലെയിലാണ് താമസം. പറ്റുന്ന സഹായം മറ്റുള്ളവർക്ക് ചെയ്യുന്നതിലാണ് തന്റെ സന്തോഷമെന്ന് തുറന്ന ചിരിയോടെ ഇദ്ദേഹം പറയുന്നു.

സാമൂഹ്യസേവനരംഗത്ത നിസ്വാർത്ഥമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി യുഎഇയിലെ നോൺ റെസിഡന്റ് കേരളൈറ്റ്‌സ് ഫൗണ്ടേഷന്റെ (എൻആർകെഎഫ്) 2009 ലെ പ്രവാസി രത്‌ന പുരസ്‌കാരവും ഇന്തോ അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ 2003 ലെ ഗൾഫ് മലയാളി എക്‌സ്‌ലൻസ് അവാർഡും ഇദ്ദേഹത്തെ തേടിയെത്തി.

ലിപ്‌സൺ ഫിലിപ്പ്‌