ബ്രിട്ടീഷ് സാമ്രാജ്യം

Posted on: October 28, 2014

Asharaf-BRITISH-big

ഓരോ ബിസിനസുകാരന്റെയും ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാകും. ബിസിനസിലേക്ക് എത്തിപ്പെട്ട അല്ലെങ്കിൽ എടുത്തെറിയപ്പെട്ട വഴിത്തിരിവ്. കാസർഗോഡ് മേൽപ്പറമ്പ് സ്വദേശിയായ മുഹമ്മദ് അഷ്‌റഫിനും അങ്ങനെ തന്നെ. ദുബായിൽ വച്ച് റഷ്യക്കാരനായ ജോർജ്ജിനെ പരിചയപ്പെട്ടതാണ് ഇദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ബ്രിട്ടീഷ് റോഡ് വേയ്‌സ്, ബ്രിട്ട്‌സ്റ്റാർ മൊബൈൽ, സ്റ്റാർ എമിറേറ്റ്‌സ് ഹോട്ടൽ, മലബാർ വെഡിംഗ് കളക്ഷൻ… ഇപ്പോൾ ഇദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം ഗൾഫിലും കേരളത്തിലും കർണാടകത്തിലുമായി വ്യാപിച്ചു കിടക്കുന്നു.

ബ്രിട്ടീഷ് റോഡ് വേയ്‌സ്

മുഹമ്മദ് അഷ്‌റഫിന്റെ ഉടമസ്ഥതയിൽ ഉള്ള ബ്രിട്ടീഷ് റോഡ് വേയ്‌സിൽ ഇപ്പോൾ 300 ൽ അധികം ബസുകൾ സർവീസ് നടത്തുന്നു. റെന്റ് എ കാർ കമ്പനിയിലാവട്ടെ ഇരുനൂറിലധികം വാഹനങ്ങൾ. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെല്ലാം ശാഖകൾ. ഐഎസ്ഒ സർട്ടിഫൈഡ് കമ്പനിയാണ് ബ്രിട്ടീഷ് റോഡ് വേയ്‌സ്. ബിഗ് ബസ് എന്ന പേരിൽ അബുദാബിയിൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനികൾക്ക് വേണ്ടി സർവീസ് നടത്തുന്നുമുണ്ട് ഇവരുടെ ബസുകൾ.

ഒരു ഇന്ത്യക്കാരൻ നടത്തുന്ന സ്ഥാപനത്തിന് അതും മലയാളി ഉടമസ്ഥതയിൽ ഉള്ളതിന് ബ്രിട്ടീഷ് എന്ന പേരു വന്നതെങ്ങനെ ? അതിന് ചില കുടുംബ പശ്ചാത്തലമുണ്ടെന്ന് അഷ്‌റഫ് പറയുന്നു. തന്റെ അമ്മാവൻ അറിയപ്പെട്ടിരുന്നത് ബ്രിട്ടീഷ് അബ്ദുൽ ഖാദർ എന്നായിരുന്നു. അതിനു കാരണം, അക്കാലത്ത് ഇംഗ്ലീഷ് പഠിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് നന്നായി സംസാരിക്കുകയും ചെയ്യും. അങ്ങനെ തങ്ങളെല്ലാം ബ്രിട്ടീഷ് അബ്ദുൽ ഖാദറിന്റെ മരുമക്കൾ എന്ന് അറിയാൻ തുടങ്ങി.

ദുബായിൽ ഒരു ബിസിനസ് തുടങ്ങിയപ്പോൾ എന്ത് പേരിടണമെന്ന് കുറേ ആലോചിച്ചു. പിന്നെ തീരുമാനിച്ചു. ഒരു പരിധിവരെ തങ്ങളും അറിയപ്പെടുന്ന ആ പേര് തന്നെ – ബ്രിട്ടീഷ്.

British-Group-Bus-big

ജോലി തേടിയെത്തി ബിസിനസുകാരനായി

എല്ലാവരെയും  പോലെ തന്നെ ജോലി തേടിയാണ് അഷ്‌റഫും ദുബായിൽ എത്തിയത്. 1997 ലെ ഓഗസ്റ്റിൽ സഹോദരൻ സക്കീർ ആണ് ദുബായിലേക്കു കൊണ്ട് വന്നത്. ജോലി തേടിയുള്ള അലച്ചിലിനിടയിൽ ഇടയ്ക്ക് സഹോദരന്റെ കടയിൽ പോയി ഇരിക്കുമായിരുന്നു. അവിടെ വച്ചാണ് റഷ്യക്കാരനായ ജോർജ്ജിനെ പരിചയപ്പെടുന്നത്. ബ്രിട്ടനിലേക്ക് ഉപയോഗിച്ച കാറുകളും റഷ്യയിലേക്ക് സ്‌പെയർപാർട്ട്‌സുകളും കയറ്റി അയയ്ക്കുന്ന ബിസിനസായിരുന്നു ജോർജ്ജിന്. ഒരു ദിവസം അദ്ദേഹം അഷ്‌റഫിനോട് ചോദിച്ചു നീ എന്റെ കൂടെ കൂടുന്നോ? അഷ്‌റഫിന് സമ്മതമായിരുന്നു. അങ്ങനെ ജോർജ്ജിന്റെ ജോലിക്കാരനായി. ആകെ രണ്ട് തൊഴിലാളികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൂന്നാമനായി അഷ്‌റഫും.

ആറ് മാസം അദ്ദേഹത്തോടൊപ്പം ജോലി ചെയ്തപ്പോൾ അഷ്‌റഫിന്റെ മിടുക്ക് കണ്ട ജോർജ് തൊഴിലാളികളിൽ പ്രധാനിയാക്കി. ബിസിനസ് വികസിച്ചു. രണ്ട് വർഷത്തിനകം 20 ജോലിക്കാരായി. അഷ്‌റഫ് മാനേജരും. ഇതിനിടയിൽ ജോർജ്ജിന് പുതിയൊരു പാർട്ട്ണർ വന്നു. അയാൾ ജോർജ്ജിനെ കബളിപ്പിച്ച്
സ്ഥലം വിട്ടു. വൈകാതെ ജോർജ്ജിന് റഷ്യയിലേക്ക് പോകേണ്ട അവസ്ഥയും വന്നു. അങ്ങനെ 2000 ൽ അഷ്‌റഫിനെ ജോർജ്ജിന്റെ പാർട്ട്ണറാക്കി.

സ്വന്തമായി ഒരു ബിസിനസ്

ജോർജ്ജിന്റെ പാർട്ട്ണർ ആയപ്പോഴേക്കും അഷ്‌റഫിന്റെ മനസിൽ ഉണ്ടായിരുന്നത് സ്വന്തമായി ഒരു ബിസിനസ് എന്ന സ്വപ്നം. സ്‌പെയർപാർട്ട് ബിസിനസിൽ വലിയ ലാഭമില്ലാതാകാൻ തുടങ്ങിയതോടെ അതിനുള്ള ശ്രമങ്ങളിലായി ഇദ്ദേഹം.
2005 ൽ സ്വന്തമായി ഒരു ട്രാൻസ്‌പോർട്ട് കമ്പനി തുടങ്ങി. ബ്രിട്ടീഷ് റോഡ് വേയ്‌സ്. അഞ്ച് ബസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പരിചയമില്ലാത്ത ബിസിനസ്. കുറച്ച് കാലം കഴിഞ്ഞപ്പോഴേക്കും കമ്പനി കുത്തുപാള എടുക്കുന്ന അവസ്ഥയിലേത്തി. ഇനി എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുമ്പോഴാണ് ഒരു പാർട്ട്ണറെ കിട്ടുന്നത്. വെളിയങ്കോട് സ്വദേശി നാസർ.

ആയിടക്ക് അബുദാബിയിലെ ഒരു കമ്പനിയുടെ കോൺട്രാക്ട് കിട്ടി. 100 ബസുകൾക്കുള്ള കോൺട്രാക്ടാണ് ലഭിച്ചത്. അഞ്ച് ബസുകൾ മാത്രമുണ്ടായിട്ടും ഓടി നടന്ന് പല സ്ഥലങ്ങളിൽ നിന്നായി 100 ബസുകൾ ഒപ്പിച്ച് കോൺട്രാക്ടിനോട് നീതി പാലിച്ചു. അതൊരു ജീവന്മരണ പോരാട്ടമായിരുന്നുവെന്ന് അഷ്‌റഫ്. പിന്നെ ബിസിനസിൽ വളർച്ച തന്നെ. നിരവധി ബസുകൾ. നിരവധി കോൺട്രാക്ടുകൾ.

ബിസിനസ് വിപുലീകരിക്കുന്നു

ബിസിനസ് മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ അഷ്‌റഫും പാർട്ട്ണറും തീരുമാനം എടുത്തിരുന്നു. 2009 ആയപ്പോഴേക്കും മൊബൈൽ ഷോപ്പുകൾ ആരംഭിക്കാൻ തീരുമാനിച്ചു. അങ്ങനെ ബ്രിട്ട് സ്റ്റാർ എന്ന പേരിൽ മൊബൈൽ ഷോപ്പ് ആരംഭിച്ചു. ഇപ്പോൾ നാല് ഷോപ്പുകളുണ്ട്.

2012 ൽ ഒമാനിലെ സലാലയിൽ അപ്പാർട്ട്‌മെന്റ് ഹോട്ടൽ ആരംഭിച്ചു. സ്റ്റാർ എമിറേറ്റ്‌സ് എന്ന പേരിൽ. ഇപ്പോൾ രണ്ട് അപ്പാർട്ട്‌മെന്റ് ഹോട്ടലുകളുണ്ട്. ഇവിടെ. സലാലയിലെ നൈഫ് കൊമേഴ്‌സ്യൽ ഹൈപ്പർമാർക്കറ്റും സ്വന്തമാക്കി.

ഇതിനിടയിൽ ബംഗലുരുവിൽ രണ്ട് ഹോട്ടലുകൾ തുടങ്ങി. സിറ്റി ക്രൗൺ, കോറണേഷൻ എന്നിവ. മലബാർ വെഡിംഗ് കളക്ഷൻ എന്ന പേരിൽ കാസർഗോഡ് വസ്ത്ര സ്ഥാപനവും തുടങ്ങി. എറണാകുളത്ത് ഒരു ഹോട്ടൽ അധികം വൈകാതെ തന്നെ ആരംഭിക്കും. ലിസി ജംക്ഷന് സമീപം ആരംഭിക്കുന്ന ത്രീ സ്റ്റാർ ഹോട്ടലിന്റെ ഇന്റീരിയർ ജോലികൾ നടക്കുകയാണ്.

BRITISH-ROADWAYS-Logo-big

കൂടുതൽ പദ്ധതികൾ

വരും വർഷങ്ങളിൽ വിപുലമായി ബിസിനസ് പദ്ധതികൾക്കാണ് അഷ്‌റഫ് പദ്ധതിയിടുന്നത്. അടുത്ത വർഷം ഒമാനിലെ മസ്‌ക്കറ്റിൽ സ്വന്തം കെട്ടിടത്തിൽ ഒരു ഹോട്ടൽ ആരംഭിക്കും. 75 മുറികൾ ഉള്ള സ്റ്റാർ ഹോട്ടലായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

മലബാർ വെഡിംഗ് കളക്ഷന്റെ രണ്ടാമത്തെ ശാഖ കർണാടകയിലെ പുത്തൂരിൽ അധികം വൈകാതെ ആരംഭിക്കും. ദുബായിലുള്ള സുഹൃത്ത് അബ്ദുൽ അസീസുമായി ചേർന്നാണ് വസ്ത്ര വ്യാപാര രംഗത്തുള്ള മുന്നേറ്റങ്ങൾ. ദുബായിൽ ഡിസൈൻ സ്റ്റുഡിയോ തുടങ്ങാനും ഇവർക്ക് പദ്ധതിയുണ്ട്. ഒമാനിൽ പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങും. മസ്‌ക്കറ്റ്, ദോഫാർ എന്നിവിടങ്ങളിലായിരിക്കും ഇത്.

വയനാട്ടിൽ റിസോർട്ട് പദ്ധതിയും മുൻഗണനയിലുണ്ട്. ഇതിനായി സുൽത്താൻ ബത്തേരിയിൽ സ്ഥലം വാങ്ങിക്കഴിഞ്ഞു. തങ്ങളുടെ ഡ്രീം പദ്ധതിയാണ് ഇതെന്ന് അഷ്‌റഫ് വ്യക്തമാക്കി.

എപ്പോഴും ആവേശത്തിൽ

ഈ ചെറുപ്പക്കാരൻ എപ്പോഴും ആവേശത്തിലാണ്. ബിരുദ പഠനം പൂർത്തിയാക്കാതെ ജോലി തേടിയെത്തിയ ആ പഴയ അഷ്‌റഫിൽ നിന്ന് ഒരുപാട് മാറിയിട്ടുണ്ടെങ്കിലും ഇപ്പോഴും ആവേശം കെട്ടടങ്ങിയിട്ടില്ല. പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ആവേശമാണ് ഇദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നതും. 2009-2010 കാലഘട്ടത്തിൽ സാമ്പത്തിക മാന്ദ്യം വന്നപ്പോഴും പിടിച്ചു നിൽക്കാനായത് ഈ ആവേശം കൊണ്ട് മാത്രമാണെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.

ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ് അഷ്‌റഫ് ജോലി തേടി ദുബായിൽ എത്തുന്നത്. അതിന് ശേഷം ബിരുദ പഠനം പൂർത്തിയാക്കി. പിന്നീട് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ എം.ബി.എ.യും നേടി. ഭാര്യ : മറിയം. ഹാഫിസ്, മുഹമ്മദ്, ഫാത്തിമ എന്നിവരാണ് മക്കൾ.

സഹൽ സൈനുദ്ദീൻ