പെട്രോൾ വിറ്റാൽ കൈപൊള്ളും

Posted on: August 28, 2018

ഒരു ദിവസം പെട്രോളും ഡീസലും കിട്ടിയില്ലെങ്കിൽ കേരളം നിശ്ചലമായി പോകും. പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേനയുണ്ടാകുന്ന വിലമാറ്റം വില്പനയിൽ കാര്യമായ കുറവുണ്ടാകുന്നില്ല. വില ദിവസേന പത്ത് പൈസ വീതം വർധിക്കുന്നതും ഒറ്റയടിക്ക് 5 രൂപ വർധിക്കുന്നതും തമ്മിൽ വ്യത്യാസമില്ലെന്നാണ് പെട്രോളിയം ഡീലർമാരുടെ നിലപാട്. സംസ്ഥാനത്തെ പെട്രോളിയം ഡീലർമാർ നേരിടുന്ന വെല്ലുവിളികൾ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ജനറൽ സെക്രട്ടറി എം. രാധാകൃഷ്ണൻ പങ്കുവെയ്ക്കുന്നു.

കേരളത്തിലെ പെട്രോൾ / ഡീസൽ വിപണി ?

കേരളത്തിൽ ആകെ 2,100 പമ്പുകളുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷന് 925 ഉം ഭാരത് പെട്രോളിയത്തിന് 600 ഉം ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് 500 ഉം പമ്പുകളാണുള്ളത്. ശേഷിക്കുന്ന 75 പമ്പുകൾ റിലയൻസ്, എസാർ എന്നിവയുടേതാണ്. കേരളത്തിലെ 60 ശതമാനം പമ്പുകളും പ്രതിമാസം 100 കിലോ ലിറ്റർ പെട്രോളും ഡീസലും വിൽക്കുന്നുണ്ട്. 20 ശതമാനം പമ്പുകൾ 150 കിലോ ലിറ്റർ വീതവും 10 ശതമാനം പമ്പുകൾ 200 കിലോ ലിറ്റർ വീതവും വില്പന നടത്തുന്നുണ്ട്.

പെട്രോൾ / ഡീസൽ വില്പന വർധിച്ചുവരികയല്ലേ ?

അല്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഡീസലിന്റെ വില്പനയിൽ 12 ശതമാനത്തോളം കുറവുണ്ടായി. അതേ സമയം പെട്രോളിന്റെ വില്പന 10 ശതമാനം കൂടി. പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനത്തിന്റെ പരാജയമാണ് പെട്രോളിന്റെ വില്പന വർധിക്കാൻ ഇടയാക്കിയിരുന്നത്. പ്രളയകെടുതികളുടെ പശ്ചാത്തലത്തിൽ താത്കാലികമായി ഇനിയും വില്പനയിൽ കുറവുണ്ടായേക്കാം.

അടിക്കടിയുള്ള വിലവർധന സ്വാഗതാർഹമാണോ ?

ഒരിക്കലുമല്ല. വിലകൂടിയാലും കുറഞ്ഞാലും പമ്പുടമകളെയാണ് ബാധിക്കുന്നത്. വില ഉയരുന്നതിനനുസരിച്ച് ഡീലർ കമ്മീഷൻ വർധിക്കുന്നില്ല. വില ലിറ്ററിന് 50 പൈസ കുറഞ്ഞാൽ 50 പൈസ പമ്പുടമയ്ക്ക് നഷ്ടവുമാണ്.

ഒരു ലോഡ് പെട്രോളിന് ആറ് ലക്ഷം രൂപയായിരുന്ന സ്ഥാനത്ത് വില വർധിക്കുമ്പോൾ അത് ആറരലക്ഷം രൂപയാകും. 2015 ൽ അഞ്ചു ലക്ഷത്തി എൺപതിനായിരം രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ലോഡ് പെട്രോളിനും ഡീസലിനും ഇന്ന് 7.70 ലക്ഷം രൂപയ്ക്കാണ് ലഭിക്കുന്നത്. വില്പയിൽ 60 ശതമാനം കടം പോകുന്നതുമൂലം ഫണ്ട്  ബ്ലോക്കാകുന്നു. അതിനാൽ മുതൽമുടക്ക് ഇരുപതു ദിവസത്തിനുള്ളിൽ തിരികെ ലഭിക്കുകയില്ല.

പെട്രോളിനും / ഡീസലിനും മേലുള്ള നികുതികൾ ?

പെട്രോളിയം ഡീലർമാർ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും മുൻകൂർ നികുതി അടയ്ക്കണം. പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്ര നികുതി. എക്‌സൈസ് ഡ്യൂട്ടി, അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി, കസ്റ്റംസ് തീരുവ, ഡെവലപ്‌മെന്റ് ഫണ്ട് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് കേന്ദ്ര നികുതി. സംസ്ഥാനത്ത്് പെട്രോളിന് 34 ശതമാനവും ഡീസലിന് 24 ശതമാനവുമാണ് വില്പന നികുതി.

പെട്രോൾ പമ്പുകളുടെ നേരിടുന്ന ചെലവുകൾ ?

ഉത്പന്നത്തിന്റെ വിലയായ ഓയിൽ കമ്പനികൾക്ക് മുൻകൂർ നൽകേണ്ട തുക, ബാങ്ക് പലിശ, ഇലക്ട്രിസിറ്റി ചാർജ്, ജനറേറ്റർ, ഇലക്ട്രിക്കൽ മെയിന്റൻസ്, സിവിൽ മെയിന്റൻസ്, വാർഷിക സ്റ്റാമ്പിംഗ്, ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ്, പൊല്യൂഷൻ സർട്ടിഫിക്കേറ്റ്, ഇന്ധന നികുതിക്ക് പുറമെ കെട്ടിട നികുതി, ഭൂനികുതി തുടങ്ങി വിവിധ ലൈസൻസ് ഫീസുകൾ, സ്റ്റാഫ് സാലറി, ഇൻഷുറൻസ്, വെൽഫയർ എന്നിവയെല്ലാം പമ്പ് ഉടമകൾ നേരിടേണ്ടി വരും.

ബാങ്കിന്റെ എല്ലാ സേവനങ്ങൾക്കും നിരക്ക് വർദ്ധിച്ചു. ഹിഡൻ ചാർജുകൾ വേറെയും. കിട്ടാക്കടങ്ങൾ വേറെ. ഇതിനു പുറമെയാണ് പ്രൊഡക്ട് ലോസ്. 38 ഡിഗ്രി താപനിലയിൽ ടാങ്കറിൽ കൊണ്ടുവരുന്ന പെട്രോൾ, പമ്പിലെ ടാങ്കിലേക്ക് മാറ്റുമ്പോൾ 1000 ലിറ്റർ പെട്രോൾ മാറ്റുമ്പോൾ 1.02 ലിറ്റർ കുറയും. ഡീസൽ മാറ്റുമ്പോൾ 0.900 മില്ലിലിറ്റർ നഷ്ടമുണ്ടാകും. ഈ നഷ്ടം ലാഭമാർജിനുകളെ ബാധിക്കും.

പെട്രോൾ പമ്പുകളുടെ വരുമാനം ?

വില്പന കമ്മീഷൻ തന്നെയാണ് പെട്രോൾ പമ്പുകളുടെ വരുമാനം. ഡീലർ കമ്മീഷൻ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഒരുപോലെയാണ്. ഒരു ലിറ്റർ പെട്രോളിന് 3.21 രൂപ കമ്മീഷൻ ഉണ്ട്്. ഇതിൽ 16 പൈസ ഇലക്ട്രിസിറ്റി, 28 പൈസ ബാങ്ക് പലിശ, 37 പൈസ ശമ്പളം എന്നിവ വകയിരുത്തിയാൽ പെട്രോളിന് 1.10 രൂപയാണ് മിച്ചമുള്ളത്. ഡീസലിനു 2.22 രൂപ കമ്മീഷൻ ലഭിക്കുമെങ്കിലും ചെലവ് കഴിഞ്ഞാൽ കിട്ടുന്നത് 1 രൂപയാണ്.

പമ്പുകൾ ഒട്ടും ലാഭകരമല്ലെന്നാണോ ?

ലാഭമാർജിനുകൾ കുറയുകയും ചെലവുകൾ വർധിക്കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഒരു ദിവസം മുമ്പ് ബുക്ക് ചെയ്‌തെങ്കിൽ മാത്രമേ പെട്രോളും ഡീസലും ലഭിക്കുകയുള്ളൂ. ഓയിൽ കമ്പനികളിൽ നിന്ന് പമ്പിലേക്ക് ഇന്ധനം എത്തിക്കുന്നതിന് ടാങ്കർ വാടക, ടാങ്കർ ലോറികളുടെ മെയിന്റനൻസ്, ഡൈവറുടെ ബാറ്റ തുടങ്ങിയ ധാരാളം ചെലവുകൾ. പിന്നെ കള്ളനോട്ട്, കിട്ടാക്കടം എന്നിവയിലൂടെയും ബിസിനസ് നഷ്ടമുണ്ടാകുന്നു. കേരളത്തിലെ പമ്പുകളിൽ രണ്ടര ലക്ഷം ആളുകൾ പ്രത്യക്ഷമായും രണ്ട് ലക്ഷം ആളുകൾ പരോക്ഷമായും ജോലി ചെയ്യുന്നു.

പുതിയ പമ്പുകൾക്ക് ഇനി കേരളത്തിൽ സാധ്യതയുണ്ടോ ?

ഓട്ടോമൊബൈൽ മേഖല പ്രതിവർഷം 24 ശതമാനം വളർച്ചനേടുമ്പോൾ പുതിയ പമ്പുകൾക്ക് സാധ്യതയുണ്ട്. എന്നാൽ പുതിയ പമ്പുകൾ വരുമ്പോൾ വില്പന തോത് കുറയും. കുറഞ്ഞ വില്പന വോളിയമുള്ള പമ്പുകൾ അടച്ചു പൂട്ടേണ്ടിവരും. ദിവസേന 150 കിലോ ലിറ്റർ വിറ്റാൽ മാത്രമേ ബിസിനസ് മുന്നോട്ടു പോകുകയുള്ളൂ.

കേരളത്തിൽ സിഎൻജി പമ്പുകളുടെ സാധ്യത  ?

കേരളത്തിൽ ആദ്യമായി സിഎൻജി പമ്പുകൾ ആരംഭിച്ചിട്ടുള്ളത് എറണാകുളത്താണ്. വൈകാതെ മറ്റു ജില്ലകളിലും സിഎൻജി പമ്പുകൾ തുടങ്ങും. ഒരു കിലോബാർ സിഎൻജിയുടെ വില 47.50 രൂപയാണ്. പെട്രോൾ വില ഉയരുന്ന സാഹചര്യത്തിൽ സിഎൻജി ഉപയോഗിക്കുന്നത് പരിസ്ഥിതി സൗഹാർദവും ലാഭകരവുമാണ്. പെട്രോൾ ഓട്ടോറിക്ഷകൾക്ക് ലിറ്ററിന് 20 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൾ, സിഎൻജി ഓട്ടോകൾക്ക് കിലോബാറിന് 60 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുന്നുണ്ട്.